| Wednesday, 23rd March 2022, 5:20 pm

സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ പരാജയമാണ്: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രൊമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്, മഹാ പരാജയമാണ് എന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്.

ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകര്‍ത്താക്കള്‍ വീട്ടില്‍ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം മഹാനാണക്കേട്. കലാകാരനാണത്രേ,’ ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ ഹരീഷ് പേരടിയും വിനായകനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

ഒരുത്തന്‍ അവന് സെക്സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ചോദിക്കുമെന്നും അത് അവന്‍ ഇനിയും ആവര്‍ത്തിക്കുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറഞ്ഞിട്ടും, നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്സ് ചെയ്യാന്‍ താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാന്‍ ജേണലിസ്റ്റുകള്‍ തയ്യാറായില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. മീ ടൂവിനെ കുറിച്ചും തന്റെ സെക്‌സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

Content Highlight: Writer Saradakkutty against actor Vinayakan

We use cookies to give you the best possible experience. Learn more