കോഴിക്കോട്: അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും പ്രത്യേകിച്ചും ഇടതു പക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത കരിനിയമമാണ് യു.എ.പി.എ എന്നും തികച്ചും പ്രതിഷേധാര്‍ഹമായ അറസ്റ്റില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഒരു ജനാധിപത്യ പ്രതിനിധി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണെന്നും സച്ചിദാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. യു.എ.പി.എ സ്വയം തന്നെ ഒരു കരിനിയമമായിരുന്നു. അതിന് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടു വന്ന വ്യക്തികളെയും ഭീകരവാദികളായി കാണാം എന്ന ഭേദഗതി അതിനെ ഒന്നു കൂടി കറുത്തതാക്കിയിരിക്കുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും, വിശേഷിച്ചും ഇടതുപക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത ഒന്നാണത്. എന്നാല്‍ അതുപയോഗിച്ചുകൊണ്ടാണ് ഈ രണ്ടു കുട്ടികളും തടവിലാക്കപ്പെട്ടത് എന്നത് അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്’, സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നാമെല്ലാവരും ഒന്നിച്ചു നിന്ന് എതിര്‍ക്കേണ്ട ഒരു വസ്തുതയാണ് ഇത്. കേസ് എന്‍.ഐ.എ ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയാണ് എന്ന് ഗവണ്‍മെന്റ് പ്രസ്താവിച്ചു കണ്ടു. അത് ശരിയാണെങ്കില്‍ നിശ്ചയമായും എന്‍.ഐ.എയില്‍ നിന്നും കേസ് തിരിച്ചെടുത്ത് കേസ് നടത്താനുള്ള സ്വാതന്ത്രം എന്‍.ഐ.എ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് സംസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടു വരികയും ശരിയായ രീതിയില്‍ വിചാരണ ചെയ്യപ്പെടുകയും വേണം. ഇന്നോളമുള്ള ഹൈക്കോടതി വിധികളും സുപ്രീം കോടതി വിധികളും നോക്കുകയാണെങ്കില്‍ ഒരാള്‍ ഒരു വിചാരം, വിശ്വാസം അല്ലെങ്കില്‍ പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്നതും മനസ്സില്‍ സൂക്ഷിക്കുന്നതോ അതിന്റെ പ്രചാരണത്തില്‍ വ്യാപൃതരാവുന്നതോ പ്രചാരണത്തിനുള്ള ലഘുലേഖകളോ പുസ്തകങ്ങളോ കൈയ്യില്‍ വെക്കുന്നതോ ഒന്നും തന്നെ തടവിലാക്കാവുന്ന, അറസ്റ്റിലാക്കാവുന്ന കുറ്റമല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആ തരത്തില്‍ നോക്കുമ്പോള്‍ ഐ.പി.സി പ്രകാരമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം അലനോ താഹയോ ചെയ്തതായി കാണുന്നില്ല. ഗവണ്‍മെന്റു പോലും ഇവര്‍ അങ്ങനെ ഒരു കുറ്റം ചെയ്തതായി പറയുന്നില്ല. എന്നു മാത്രമല്ല ഇതേ പറ്റി ചോദിക്കുമ്പോള്‍ ഗവണ്‍മെന്റില്‍ നിന്നു കിട്ടുന്ന മറുപടികള്‍ വളരെ നിരാശാജനകവും അഹങ്കാര പൂര്‍ണ്ണവുമാണെന്നും സച്ചിദാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഈ കുട്ടികള്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റു ചെയ്തത് മുതലായ വാക്കുകള്‍ ഒരിക്കലും ഒരു ജനാധിപത്യ പ്രതിനിധി പറഞ്ഞു കൂടാത്ത വാചകങ്ങളാണ്. അതുകൊണ്ടു അലന്റെയും താഹയുടെയും യാതൊരു ന്യായീകരണവുമില്ലാത്ത ഈ അറസ്റ്റ് തികച്ചും പ്രതിഷേധാര്‍ഹമാണ്. അതിനെതിരെ ജനങ്ങളുടെ ബോധം ഉയര്‍ന്നേ തീരൂ’, സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെമ്പാടും വലിയ യുവജനകമ്പനം വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വിശേഷത്തും. വിദ്യാര്‍ത്ഥികളും യുവാക്കളും യുവതികളും എല്ലാം ഉണര്‍ന്ന് ജനാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സമയത്ത്, കള്ളക്കേസുകളില്‍ അനേകമാളുകള്‍ കുടുക്കപ്പെടുന്ന ഒരു കാലത്ത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഒരു ഇടതുപക്ഷത്തിനു ചേര്‍ന്ന പ്രവൃത്തിയല്ല എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് നാമെല്ലാം അതിനെതിരെ ഒന്നിച്ചു നില്‍ക്കണം നമ്മുടെ ശബ്ദം ഉയര്‍ത്തണം. കാരണം അത് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുമുള്ള ശബ്ദമാണ്,’ സച്ചിദാനന്ദന്‍ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനും താഹയും പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എന്‍.ഐ.എയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യു.എ.പി.എ നിയമത്തിന്റെ ഏറ്റവും വലിയ അപകടമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘സാധാരണഗതിയില്‍ ഇത്തരമൊരു കാര്യത്തില്‍ യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്ന് പറയണമെന്നല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്. അത് ഞാന്‍ പറയുന്നില്ല. പിന്നെ അവര് ഇത്തരം കാര്യങ്ങളിലൊന്നും പങ്കില്ലാത്തവരാണ് എന്ന അഭിപ്രായമില്ലെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയല്ലോ. ആ അഭിപ്രായത്തില്‍ തന്നെയാണ് ഞാനിപ്പോഴും നില്‍ക്കുന്നത്. അവരെന്തോ പരിശുദ്ധന്മാരാണ് ഒരു തെറ്റും ചെയ്യാത്തവരാണ് എന്തോ ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണ് എന്ന മട്ടിലൊരു ധാരണ വേണ്ട’, മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നവംബര്‍ 2നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ലഘു ലേഖകള്‍ വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേസിലെ പ്രതികളായ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്തയയ്ക്കുകയായിരുന്നു.
ഡിസംബര്‍ 16-ന് ആണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ ഡയറക്ടര്‍ ജനറലിനും കത്തയച്ചത്. 2008ലെ എന്‍.ഐ.എ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ് അലന്‍ ഷുഹൈബിനും താഹയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ.
കേസ് അന്വേഷണം എന്‍.ഐ.എയ്ക്കു വിടുന്നത് കേന്ദ്രസര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍നിന്ന് എന്‍.ഐ.ഐ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി സൗത്ത് എസ്.പിയില്‍നിന്ന് എന്‍.ഐ.എ ഡി.വൈ.എസ്.പി എത്തി കേസ് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
WATCH THIS VIDEO: