കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ എന്ന് സച്ചിദാനന്ദന്‍ ചോദിക്കുന്നു
തിരുവനന്തപുരം: യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍.
കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ എന്ന് സച്ചിദാനന്ദന്‍ ചോദിക്കുന്നു. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ പോലീസ് നടപടിയെ വിമര്‍ശിക്കുന്നത്.
ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദോഷമായ പരാമര്‍ശങ്ങളുടെ അടിസഥാനത്തില്‍ കമല്‍ സി ചാവറയുടെ കസ്റ്റഡിയും സിനിമ സംവിധായകന്‍ കമലിന് നേരെയുള്ള യുവമോര്‍ച്ചയുടെ അതിക്രമവും പോലീസ് ആരുടെ നിയന്ത്രണത്തിലാണെന്ന സംശയം ഉണ്ടാക്കുന്നതായി സച്ചിദാനന്ദന്‍ പറഞ്ഞു.
ദേശീയ ഗാനവുമായി ബന്ധപ്പെട്ട് കോടതിവിധിയെ അംഗീകരിക്കുകയാണ് കമല്‍ ചെയ്തതെന്നും അതിനെ ചോദ്യം ചെയ്യുകയല്ല ഉണ്ടായതെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദേശീയഗാനത്തെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം കമല്‍ സി ചവറക്കെതിരെ 124 വകുപ്പുപ്രകാരം പോലീസ് കേസെടുത്തത്. പതിമൂന്ന് മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ചശേഷമായിരുന്നു ഇദ്ദേഹത്തെ ആള്‍ജാമ്യത്തില്‍ പോലീസ് വിട്ടയച്ചത്.
നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായാണ് കമലിനെ കസ്റ്റഡിയിലെടുത്തത്.
കമലിന്റെ “ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില ഭാഗങ്ങളും ചില ഫേസ്ബുക്ക് പോസ്റ്റുകളും ദേശീയഗാനത്തെ അധിക്ഷേപിക്കുന്നതാണെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്.