|

സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന നാടകത്തോട് തികഞ്ഞ പുച്ഛം; ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എസ്. ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാകരയിലെ യു.ഡി.എഫിന്റെ സ്ഥാനര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന നാടകത്തോട് തികഞ്ഞ പുച്ഛമാണെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

‘ഉമ തോമസ് അത്ര മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ്, പി.ടിയുടെ തുടര്‍ച്ചയാണ് ഉമ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ കഴിയുമായിരുന്നുവല്ലോ മുമ്പേതന്നെ. അപ്പോള്‍ അതൊന്നുമല്ല കാര്യം.

സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം. ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണം,’ ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.

ആദ്യം പത്രിക സമര്‍പ്പിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ആയിരുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജോസ് കെ. മാണി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്

12 മണിയോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പത്രിക സമര്‍പ്പിക്കാനെത്തിയത്. ഹൈബി ഈഡന്‍ എം.പി, ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരും കൂടെയുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പിയും-ട്വന്റി-20യും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

CONTENT HIGHLIGHTS:  writer S. Sharadakutty  Criticizing the UDF’ Candidate  in Thrikkakara,