നൃത്തത്തെ കുഴഞ്ഞാട്ടമാക്കുന്ന മനോനില സ്ത്രീവിരുദ്ധം; സ്മൃതി പരുത്തിക്കാടിനെതിരായ അധിക്ഷേപ പ്രചരണത്തിനെതിരെ ശാരദക്കുട്ടി
Kerala News
നൃത്തത്തെ കുഴഞ്ഞാട്ടമാക്കുന്ന മനോനില സ്ത്രീവിരുദ്ധം; സ്മൃതി പരുത്തിക്കാടിനെതിരായ അധിക്ഷേപ പ്രചരണത്തിനെതിരെ ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 8:46 am

കോഴിക്കോട്: മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. സ്മൃതി നൃത്തം ചെയ്യുന്ന ഒരു വീഡിയോയെ വ്യക്തി അധിക്ഷേപത്തിനായി ഉപയോഗിക്കുന്ന തരത്തില്‍ നടക്കുന്ന പ്രചരണത്തിനെതിരെയാണ് എസ്. ശാരദക്കുട്ടി രംഗത്തെത്തിയത്.

സമൃതി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെടുക്കുന്ന നിലപാടുകളോട് പ്രതിഷേധിക്കേണ്ടത് അവരെ അവഹേളിച്ചു കൊണ്ടാകരുതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ എസ്. ശാരദക്കുട്ടി പറഞ്ഞു.

വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടല്ലാതെ നടത്തുന്ന ഏതാക്രമണവും രാഷ്ട്രീയമല്ല. ഒരാളുടെ നൃത്തത്തെ കുഴഞ്ഞാട്ടമായി കാണാന്‍ അന്ധമായ രാഷ്ട്രീയ വൈരാഗ്യവും സ്ത്രീവിരുദ്ധതയും അന്തസില്ലാത്ത നാവും ഉണ്ടായാല്‍ മാത്രം മതിയെന്നും ശാരദക്കുട്ടി വിമര്‍ശിച്ചു.

‘നൃത്തം ചെയ്തതെന്തിനാണെന്നതിന് ഒരു വ്യാഖ്യാനം. നൃത്തത്തിനിടയില്‍ കാലിടറുന്നത് എങ്ങനെയാണെന്നതിന് മറ്റൊരു വ്യാഖ്യാനം. ‘അങ്ങനേം കേട്ടു ഇങ്ങനേം കേട്ടു ഞാനൊന്നും പറഞ്ഞില്ലേ’ , എന്നൊരു തരം അഴകൊഴമ്പന്‍ ആഖ്യാനം. ഇതെന്തു തരം മാധ്യമാഭാസമാണ്?

നൃത്തവും തെറ്റല്ല. അതിനിടയില്‍ കാലിടറുന്നതും തെറ്റല്ല. എന്തു കാരണമാണ് എന്നന്വേഷിച്ചു നടക്കുന്നത് നിലവാരമുള്ള മാധ്യമപ്രവര്‍ത്തനവുമല്ല,’ എസ്. ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയസുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ സ്മൃതി പരുത്തിക്കാടിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നതായി കണ്ടു. വേദനയും രോഷവും തോന്നി.

വീഡിയോയില്‍ സ്മൃതി മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. നൃത്തത്തില്‍ ദോഷൈകദൃക്കുകള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഒരു കുഴപ്പവും കണ്ടെത്താനാവില്ല. പക്ഷേ അതൊരു കുഴഞ്ഞാട്ടമായി കാണാന്‍ അന്ധമായ രാഷ്ട്രീയ വൈരാഗ്യവും സ്ത്രീവിരുദ്ധതയും അന്തസില്ലാത്ത നാവും ഉണ്ടായാല്‍ മാത്രം മതി.

 

 

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ആരോപണങ്ങള്‍ നേരിടേണ്ടി വരും. അത് വ്യാജമായ ആരോപണമെങ്കില്‍ കൃത്യമായും തെളിയിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. സത്യം തെളിയുന്നതു വരെയേ പുകമറ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയൂ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാന്‍ കഴിയണം.

ഒരു മാധ്യമപ്രവര്‍ത്തക, അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത്, പാര്‍ട്ടി അണികള്‍ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ മാത്രം അനുസരിച്ചുപ്രവര്‍ത്തിക്കുന്നതു പോലെയാണ്. ഒന്നു ശരിയെങ്കില്‍ മറ്റേതും ശരി. ഒന്ന് തെറ്റെങ്കില്‍ മറ്റേതും തെറ്റ്.

നൃത്തം ചെയ്തതെന്തിനാണെന്നതിന് ഒരു വ്യാഖ്യാനം. നൃത്തത്തിനിടയില്‍ കാലിടറുന്നത് എങ്ങനെയാണെന്നതിന് മറ്റൊരു വ്യാഖ്യാനം. ‘അങ്ങനേം കേട്ടു ഇങ്ങനേം കേട്ടു ഞാനൊന്നും പറഞ്ഞില്ലേ’ , എന്നൊരു തരം അഴകൊഴമ്പന്‍ ആഖ്യാനം. ഇതെന്തു തരം മാധ്യമാഭാസമാണ്?

നൃത്തവും തെറ്റല്ല. അതിനിടയില്‍ കാലിടറുന്നതും തെറ്റല്ല. എന്തു കാരണമാണ് എന്നന്വേഷിച്ചു നടക്കുന്നത് നിലവാരമുള്ള മാധ്യമപ്രവര്‍ത്തനവുമല്ല. അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെടുക്കുന്ന നിലപാടുകളോട് പ്രതിഷേധിക്കേണ്ടത് അവരെ അവഹേളിച്ചു കൊണ്ടാകരുത്.

വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടല്ലാതെ നടത്തുന്ന ഏതാക്രമണവും രാഷ്ട്രീയമല്ല. അതിനൊരു മാന്യതയുമില്ല. അതില്‍ ഒരു പുരോഗമനവുമില്ല. എന്നു മാത്രമല്ല. അങ്ങേയറ്റം ജീര്‍ണ്ണിച്ചതും, പുഴുക്കുത്തേറ്റതും, ദ്രവിച്ചു നാറിയതും രോഗാതുരവുമായ ഒരു ശരീരത്തില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധമാണ് അത് ചുറ്റും പ്രസരിപ്പിക്കുന്നത്.

തോല്‍പ്പിച്ചേ എന്നു ഞെളിയാന്‍ അതിലൊന്നുമില്ല. സ്മൃതിക്ക് കാലിടറിയാലും ദേഹം കുഴഞ്ഞാലും നൃത്തമാടാന്‍ കഴിയട്ടെ . മാധ്യമപ്രവര്‍ത്തനത്തിലെ ശരിതെറ്റുകളുമായി അത് കൂടിക്കുഴക്കേണ്ടതില്ല. അതനുവദിച്ചുകൂടാ.

Content Highlight: Writer S Sharadakutty criticizes cyber violence against journalist Smriti Paruthikad.