മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ റോണി ഡേവിഡ്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ആദ്യ ഷോ കഴിഞ്ഞ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോണി.
‘നല്ല റെസ്‌പോണ്‌സാണ് എല്ലായിടത്തു നിന്നും സിനിമയ്ക്ക് കിട്ടുന്നത്. എല്ലാവരും സന്തോഷത്തിലാണ്. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. പിന്നെ ആദ്യ ഷോയ്ക്ക് കിട്ടുന്ന റെസ്‌പോണ്‍സാണ് ഏറ്റവും വലുത്. ഞങ്ങള്‍ ഇതില്‍ ഒളിപ്പിച്ച ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. പ്രേക്ഷകര്‍ കണ്ടുപിടിക്കുമോ എന്നറിയില്ലായിരുന്നു,’ റോണി പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതിന് മറുപടി തനിക്ക് മാത്രമായി പറയാന്‍ കഴിയില്ലെന്നും ഇത് തന്നെ ഒരു നാലര വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണെന്നുമായിരുന്നു റോണിയുടെ മറുപടി.
‘ഇത് തന്നെ ഒരു നാല് നാലര വര്‍ഷത്തെ കഷ്ടപ്പാടാണ്. എനിക്ക് അറിയില്ല. റോബിയൊക്കെയാണ് അത് തീരുമാനിക്കേണ്ടത്. നമ്മള്‍ എഴുതിയതിനേക്കാള്‍ മുകളില്‍ അവര്‍ മേക്ക് ചെയ്ത് വെച്ചിട്ടുണ്ട്. ഡയറക്ഷന്‍ ടീം ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് മാസങ്ങളായി കഷ്ടപ്പെടുകയാണ്.
20 മണിക്കൂറൊക്കെയാണ് ഒരു ദിവസം വര്‍ക്ക് ചെയ്തത്. എനിക്കൊന്നും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. അവരുടെ കൂടി വിയര്‍പ്പാണ് ഈ പടം. ദൈവാനുഗ്രഹം കൊണ്ട് ആളുകള്‍ ഇത് ഏറ്റെടുത്തു. എഴുതിവെച്ച ഡയലോഗുകള്‍ക്ക് തിയേറ്ററില്‍ കയ്യടി കിട്ടുമ്പോള്‍ വലിയ സന്തോഷം തോന്നി. വല്ലാത്ത അനുഭവമാണ് അത്, റോണി പറഞ്ഞു.
സിനിമ അല്‍പ്പം കൂടി സിനിമാറ്റിക് ആകാമായിരുന്നെന്ന് ചില അഭിപ്രായങ്ങള്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഇനിയു സിനിമാറ്റിക് ആക്കാനാവില്ലെന്നും അത് പടത്തിന്റെ സത്ത നഷ്ടപ്പെടുത്തുമെന്നുമായിരുന്നു റോണിയുടെ മറുപടി.
‘അത് വേറൊരു ട്രാക്കിലോട്ട് മാറും. അതിന്റെ ആവശ്യമില്ല. അങ്ങനെ സിനിമാറ്റിക് ആക്കാനാണെങ്കില്‍ ഇതിനേക്കാള്‍ മനോഹരമായി ഷാജി സാറൊക്കെ എടുത്തുവെച്ചിട്ടുണ്ടല്ലോ. അപ്പോള്‍ അതിന്റെ ആവശ്യമില്ല. പിന്നെ സംവിധായകനായ റോബി എക്‌സാജറേറ്റിങ് റൈറ്റിങ്ങിന്റെ ആളല്ല. അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധപൂര്‍വം എഴുതിച്ച ചില ഡയലോഗൊക്കെയുണ്ട് സിനിമയില്‍,’ റോണി പറഞ്ഞു.
Content Highlight: Writer Roni about Kannur Squad