ബ്രസീലിയ: ബ്രസീലിയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. നിലവിലെ സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു പൗലോ കൊയ്‌ലോ ഫേസ്ബുക്കിലെഴുതി. ഒരാള്‍ക്കു സ്വന്തം രാജ്യത്തെ സ്‌നേഹിക്കാനും അതേസമയത്ത് തന്നെ അവിടുത്തെ സര്‍ക്കാരിനെ വെറുക്കാനുമാകുമെന്നായിരുന്നു പൗലോ കൊയ്‌ലോയുടെ പോസ്റ്റ്.
‘മതഭ്രാന്ത് തലയ്ക്കു പിടിച്ചവരുടെ ഒരു കൂട്ടമാണ് ഇപ്പോഴത്തെ ബ്രസീലിയന്‍ സര്‍ക്കാര്‍. അവര്‍ എന്റെ രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒരുപക്ഷെ വൈകാതെ തന്നെ ഏകാധിപത്യത്തിലെത്തിയേക്കാം. പക്ഷെ എനിക്ക് നിശബ്ദനായിരിക്കാനാകില്ല,’ പോസ്റ്റിനെ താഴെ പൗലോ കൊയ്‌ലോ കമന്റില്‍ പറഞ്ഞു.
പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിലുണ്ടായ പാകപ്പിഴകള്‍ മുതല്‍ ബ്രസീലിലെ പ്രകൃതിസമ്പദത്തിനു വലിയ ആഘാതമേല്‍പ്പിച്ച നടപടികളും രാജ്യത്തിനകത്തു നിന്നുതന്നെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു പൗലോ കൊയ്‌ലോയുടെ വിമര്‍ശനം.
കൊവിഡ് നിസാരരോഗമാണെന്ന് പറഞ്ഞ ബോള്‍സനാരോ ആദ്യ ഘട്ടത്തില്‍ നിയന്ത്രണ നടപടികളൊന്നും നടപ്പിലാക്കിയിരുന്നില്ല. രോഗം അതിതീവ്ര വ്യാപനഘട്ടത്തിലെത്തിയ ശേഷമാണു ലോക്ഡൗണ്‍ നടപടികള്‍ തുടങ്ങിയത്. കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും വലിയ നഷ്ടമാണു ബ്രസീലിയന്‍ ജനതയ്ക്കു നേരിടേണ്ടി വന്നത്.