നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഈശോയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സക്കറിയ. ഈശോക്കെതിരെ ചില ക്രൈസ്തവ ഗ്രൂപ്പുകള്‍ നടത്തുന്നത് സഭാചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ നടപടിയണെന്ന് സക്കറിയ പറഞ്ഞു.
ഈശോയുടെ പേരില്‍ നടക്കുന്ന വിഷംചീറ്റലുകളെ ഒറ്റപ്പെടുത്തേണ്ടതും പരാജയപ്പെടുത്തേണ്ടതും കേരള ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സക്കറിയ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദുഷിച്ച മനസുകള്‍ നടത്തുന്ന ഇത്തരം വിഡ്ഢിത്തങ്ങള്‍ നാദിര്‍ഷക്കോ മുസ്‌ലിങ്ങള്‍ക്കോ അല്ല ക്രൈസ്തവര്‍ക്ക് തന്നെയാണെന്നും സക്കറിയ പറയുന്നു. കേരളത്തിന്റെ സവിശേഷമായ മതമൈത്രി സംസ്‌കാരത്തിനോട് ചേര്‍ന്നുനില്‍ക്കുന്നവരായതിനാല്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും ഈശോയുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന വിദ്വേഷ പരാമര്‍ശങ്ങളുടെ ഭാഗമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ, ഈശോക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തളളിയിരുന്നു. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയായിരുന്നു ഹരജി നല്‍കിയത്.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്നും അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ പരാതിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ല എന്നും കോടതി പറഞ്ഞു.
എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത് എന്നും കോടതി ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുമെന്ന് പരാതിക്കാര്‍ അറിയിച്ചു.
ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.
ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കെതിരെയും ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍ നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.
സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നായിരുന്നു മാക്ട ചൂണ്ടിക്കാട്ടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണെന്നും മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്നും സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്നും മാക്ട പറഞ്ഞിരുന്നു.
ഇതിനിടെ സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാസഭയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നായിരുന്നു ഇവര്‍ അഭിപ്രായപ്പെട്ടത്.
ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കത്തോലിക്ക സഭയുടെ നിലപാട്.
സിനിമക്ക് ഈശോ എന്ന് പേരിട്ടതിനെതിരെ സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും രംഗത്തെത്തിയിരുന്നു. ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്.
അതിനിടെ സിനിമയെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് തൃശൂര്‍ രൂപത മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയിരുന്നു. ഒരു സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്നായിരുന്നു മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈശോ; ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം
കേരളക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തുവച്ചിരിക്കുന്നത്.
ഭാഗ്യവശാല്‍ അവരുടെ സംസ്‌കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവെക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്‌കാരത്തില്‍ ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു – അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.
മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്ക്കോ മലയാളസിനിമയ്‌ക്കോ മുസ്‌ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്. അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാര്‍ദം പങ്കുവെച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.
യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യന്‍ ഒരിക്കല്‍ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കൂടി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബന്‍. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്‌കാരികകേരളത്തിന്റെ ആവശ്യവുമാണ്.