കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച താലിബാന്‍ ഭീകരരുടെ വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചടക്കിയതിന് പിന്നാലെ പുറത്തുവന്ന താലിബാന്‍ ഭീകരരുടെ വീഡിയോയില്‍ മലയാളി സാന്നിധ്യം ഉണ്ടെന്ന സംശയമായിരുന്നു തരൂര്‍ ഉയര്‍ത്തിയത്.
സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ‘സംസാരിക്കട്ടെ’ എന്ന മലയാളപദത്തോട് സാമ്യമുള്ള ചില വാക്കുകള്‍ ഇയാളും കൂട്ടത്തിലുമുള്ള മറ്റൊരാളും പറയുന്നായിരുന്നു വീഡിയോയിലുള്ളത്. ഈ വീഡിയോയായിരുന്നു തരൂര്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെയാണ് തരൂരിനെതിരെ വിമര്‍ശനമുയര്‍ന്നത്. എഴുത്തുകാരന്‍ എന്‍.എസ് മാധവനും തരൂരിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.
‘അയാള്‍ സംസാരിക്കുന്നത് മലയാളമല്ല. വേറെ ഏതോ ഭാഷയാണ്. എന്തിനാണ് മലയാളത്തെ വെറുതേ വലിച്ചിടുന്നത്? വീഡിയോ നിരവധി കണ്ടിട്ടും അയാള്‍ പറയുന്നത് മലയാള ഭാഷയായി തോന്നിയില്ല. ഒന്നുകില്‍ അറബിയില്‍ സംസം വെള്ളം എന്നു പറയുന്നതാകാം. അല്ലെങ്കില്‍ തമിഴില്‍ ഭാര്യ എന്നര്‍ത്ഥം വരുന്ന സംസാരം എന്നാകും അയാള്‍ പറഞ്ഞത്. ഭാര്യ എന്ന വാക്ക് എം.പിയെ ചൊടിപ്പിക്കുന്നെന്ന് കരുതി മലയാളികളെ എന്തിനാണ് ഇതില്‍ വലിച്ചിടുന്നത്,’ എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുള്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി ഭാഷയാണെന്നും വ്യക്തമാക്കിക്കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ തന്നെ രംഗത്തെത്തിയിരുന്നു.
താലിബാന്‍ ഭീകരര്‍ സംസാരിക്കുന്നത് മലയാളമാണോയെന്ന സംശയവുമായി നിരവധി പേരെത്തിയതോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത റമീസ് എന്നയാള്‍ തന്നെ ഇതില്‍ വിശദീകരണവുമായി എത്തിയത്.
കേരളത്തില്‍ നിന്നുള്ള ആരും താലിബാനിലില്ല എന്നും ഇത് സാഹുള്‍ പ്രവിശ്യയിലെ ബലോച് ഗോത്രവിഭാഗക്കാരാണെന്നും റമീസിന്റെ പോസ്റ്റില്‍ പറയുന്നു. ഇവര്‍ ബ്രാവി എന്ന ഭാഷയിലാണ് സംസാരിക്കുന്നത്. തെലുങ്ക്, മലയാളം തുടങ്ങിയ ദ്രാവിഡഭാഷകളുമായി സാമ്യമുള്ള ഭാഷയാണ് ബ്രാവിയെന്നും റമീസിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതിന് ശേഷവും തന്റെ വാദത്തില്‍ ഉറച്ചുനിന്നുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. ‘വഴി തെറ്റിയ മലയാളികളില്‍ ചിലര്‍ താലിബാനില്‍ ചേര്‍ന്നതിനാല്‍ സാധ്യത പൂര്‍ണമായി തള്ളി കളയാനാകില്ല,’ എന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയായിരുന്നു തരൂരിനെ വിമര്‍ശിച്ചുകൊണ്ട് എന്‍.എസ് മാധവന്‍ രംഗത്തെത്തിയത്.