| Sunday, 4th August 2024, 6:42 pm

അഖില്‍ മാരാരിന്റെ മേല്‍ പൊലീസിന്റെയും ആര്‍.ബി.ഐയുടെയും കണ്ണുകള്‍ വേണം: എന്‍.എസ്. മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയ നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. അഖില്‍ മാരാരിന്റെ മേല്‍ പൊലീസിന്റെയും ആര്‍.ബി.ഐയുടെയും കണ്ണുകള്‍ വേണമെന്നാണ് എന്‍.എസ്. മാധവന്‍ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിമര്‍ശനം.

‘അത് അയാളുടെ പണമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നില്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് പിരിവ് നടത്തി വയനാട്ടില്‍ മൂന്ന് വീടുകള്‍ വെച്ചുകൊടുക്കുകയാണെങ്കില്‍ അത് ഒരു തട്ടിപ്പ് പോലെ തോന്നും. ഇയാളുടെ മേല്‍ പൊലീസിന്റെയും ആര്‍.ബി.ഐയുടെയും കണ്ണ് വേണം,’ എന്നാണ് എന്‍.എസ്. മാധവന്‍ കുറിച്ചത്.

നിരവധി ആളുകളാണ് എന്‍.എസ്. മാധവന്റെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അതേസമയം അഖില്‍ മാരാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയതില്‍ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുക്കയും ചെയ്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസ് എടുത്തത്.

വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കില്ലെന്നായിരുന്നു അഖില്‍ മാരാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച അധികാരം മുഖ്യമന്ത്രിക്കാണെന്നും, പിണറായി വിജയന്‍ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും മാരാര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ട വ്യക്തിയാണെന്നും അഖില്‍ പറഞ്ഞിരുന്നു.

സിനിമാ മേഖലയിലുള്ളവരും മറ്റ് സെലിബ്രറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെയും അഖില്‍ പരിഹസിക്കുകയുണ്ടായി.

അഖില്‍ മാരാരെ കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനും ബി.ജെ.പി മീഡിയ വിഭാഗം മുന്‍ കോ- കണ്‍വീനറുമായ ശ്രീജിത്ത് പന്തളത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Content Highlight: Writer NS Madhavan against Akhil Marar 

We use cookies to give you the best possible experience. Learn more