|

പുലിമുരുകന്റെ കൂടെ റിലീസ് വേണ്ടെന്ന് മമ്മൂക്ക പറഞ്ഞിരുന്നു, പക്ഷേ... നിഷാദ് കോയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും വലിയ ക്ലാഷ് റിലീസിനായിരുന്നു 2016ല്‍ സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പുലിമുരുകനും മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനുമായിരുന്നു ബോക്‌സ് ഓഫീസ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. പുലിയൂരിലെ വേട്ടക്കാരനായ മുരുകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ കോട്ടയംകാരന്‍ ജോപ്പനായിട്ടാണ് മമ്മൂട്ടി എത്തിയത്. പുലിമുരുകന്‍ 150 കോടിയിലേറെ കളക്ട് ചെയ്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയപ്പോള്‍ ഭേദപ്പെട്ട വിജയം ജോപ്പനും സ്വന്തമാക്കി.

ആറ് വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ പുലിമുരുകന്‍ പോലൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ കൂടെ റിലീസ് വേണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായമെന്ന് പറയുകയാണ് തോപ്പില്‍ ജോപ്പന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ. തന്റെ നിര്‍ബന്ധമായിരുന്നു പുലിമുരുകന്റെ കൂടെ റിലീസ് ചെയ്യണമെന്നുള്ളതെന്നും നിഷാദ് കോയ പറഞ്ഞു.

എന്നാല്‍ മമ്മൂട്ടിയും ജോണി ആന്റണിയും ഇതിനെതിരായിരുന്നുവെന്നും ചെറിയ ബജറ്റിലൊരുങ്ങിയ സിനിമ അത്രയും വലിയൊരു മാസ് സിനിമയുടെ കൂടെ ഇറക്കണ്ട എന്ന് അവര്‍ പറഞ്ഞെന്നും നിഷാദ് കോയ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ എന്തായാലും തിയേറ്ററിലേക്ക് വരുമെന്നും രണ്ട് സിനിമയെയും രണ്ട് രീതിയില്‍ പ്രേക്ഷകര്‍ കാണുമെന്ന് താന്‍ അവരോട് പറഞ്ഞെന്നും ജോണി ആന്റണി അത് കേട്ട് സമ്മതിച്ചെന്നും നിഷാദ് കോയ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയം നഷ്ടപ്പെട്ട് മദ്യപാനത്തില്‍ ആശ്രയം തേടുന്ന ഒരു അച്ചായന്റെ കഥയായിട്ടാണ് തോപ്പില്‍ ജോപ്പന്‍ എഴുതിയത്. ഒരു ധ്യാനകേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുക എന്നായിരുന്നു ആലോചിച്ചത്. മമ്മൂക്കയെ മനസില്‍ കണ്ടിട്ട് തന്നെയാണ് ആ കഥ എഴുതിയത്. ജോണി ആന്റണി ചേട്ടന്‍ എന്റെയടുത്ത് വന്നിട്ട് ‘മമ്മൂക്കയുടെ ഡേറ്റുണ്ട്. ഒരു കഥ റെഡിയാക്ക്’ എന്ന് പറഞ്ഞതുകൊണ്ടാണ് ആ കഥ റെഡിയാക്കിയത്.

പുലിമുരുകന്റെ കൂടെ റിലീസ് വേണ്ടെന്ന് മമ്മൂക്ക ആദ്യമേ പറഞ്ഞിരുന്നു. എനിക്കായിരുന്നു ആ കാര്യത്തില്‍ നിര്‍ബന്ധം. പുലിമുകന്‍ പോലെ വലിയ ബജറ്റില്‍ വരുന്ന ഒരു മാസ് പടത്തിന്റെ കൂടെ റിലീസ് വേണ്ടെന്നാണ് ജോണി ചേട്ടനും മമ്മൂക്കയും പറഞ്ഞത്. പക്ഷേ പ്രേക്ഷകര്‍ രണ്ട് സിനിമയെയും രണ്ട് രീതിയില്‍ കാണുമെന്നും മലയാളികളെ അങ്ങനെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കണ്ടെന്നും ഞാന്‍ അവരോട് പറഞ്ഞപ്പോഴാണ് ജോണിച്ചേട്ടന്‍ സമ്മതിച്ചത്,’ നിഷാദ് കോയ പറഞ്ഞു.

Content Highlight: Writer Nishad Koya about the clash release of Pulimurugan and Thoppil Joppan