തിരുവനന്തപുരം: നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും അനിശ്ചിതത്വവും തുടരുന്നതിനിടെ കോണ്‍ഗ്രസിനോട് വിമർശനം ഉന്നയിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേമത്ത് തെറ്റിച്ചാല്‍ പിഴയടക്കേണ്ടി വരുമെന്നാണ് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരാകുമെന്ന ചോദ്യത്തോട് കൃത്യമായ മറുപടി കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം കരുത്തനായ നേതാവ് തന്നെയായിരിക്കുമോ മത്സരിക്കുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏതായാലും ദുര്‍ബലനായിരിക്കുകയില്ല മത്സരിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.
രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ നേമത്ത് നിന്ന് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കേണ്ട എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരിച്ചത്.
എം.പിമാരായ ശശി തരൂരോ കെ.മുരളീധരനോ നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം.പിമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പുതുപ്പള്ളി സീറ്റ് വിട്ടുനല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് പട്ടികയില്‍ പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. നേമം അടക്കമുള്ള 10 സീറ്റുകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ മത്സരിച്ച വി. ശിവന്‍കുട്ടിയെ തന്നെയാണ് ഇക്കുറിയും എല്‍.ഡി.എഫ് നേമത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. ഒ. രാജഗോപാല്‍ ഇക്കുറി മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Writer N S Madhavan trolls Congress over Nemom seat in Kerala Election 2021