തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാത്രാസിലെയും കേരളത്തിലെ വാളയാറിലെയും സംഭവങ്ങള്‍ തമ്മില്‍ ഏറെ ദൂരമില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളും അത്തരം സംഭവങ്ങളിലെ പൊലീസ് അന്വേഷണവും ആ സമൂഹത്തിലെ അധികാരസമവാക്യങ്ങളെ സൂചിപ്പിക്കുന്നതാണെന്നും എന്‍.എസ് മാധവന്‍ പറയുന്നു. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഹാത്രാസില്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ ദളിത് യുവതിയെ പീഡിപ്പിച്ചപ്പോള്‍ പൊലീസ് മര്‍ദകരെ സംരക്ഷിക്കാനാണു ശ്രമിച്ചത്. വാളയാറില്‍ രാഷ്ട്രീയാധികാരം കയ്യാളുന്ന കക്ഷിയുടെ താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണടയ്ക്കുകയായിരുന്നെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
വാളയാര്‍ കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള വിധിയില്‍ കുറ്റവാളികള്‍ നിരപരാധികളാണെന്നു പറഞ്ഞിട്ടില്ല; പൊലീസും പ്രോസിക്യൂഷനും മതിയായ തെളിവുകള്‍ ഹാജരാക്കിയില്ല എന്നാണു പറഞ്ഞത്.
വാളയാറില്‍ 13 വയസ്സായ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ലാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമത്തിന്റെ സൂചന ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണം നടന്നില്ല. വീട്ടില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി പോയതായി ഇളയ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടും അതും മുഖവിലയ്‌ക്കെടുത്തില്ല. മൂത്ത പെണ്‍കുട്ടി മരിച്ച് 52ാം ദിവസം മൊഴി നല്‍കിയ ഇളയ പെണ്‍കുട്ടിയും മരിച്ചു. എന്നാല്‍ പിന്നീട് കേസില്‍ ജനരോഷം ഇരമ്പിയപ്പോള്‍ പൊലീസ് കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡനമേറ്റ വ്യക്തിയുടെ മൊഴിയുടെ പേരില്‍ മാത്രം ശിക്ഷ വാങ്ങിക്കൊടുക്കാമെന്ന് ഇന്ത്യയിലെ ബലാത്സംഗ നിയമം നിലവില്‍ വന്നിട്ടും വാളയാര്‍ കേസില്‍ പൊലീസും സര്‍ക്കാരും കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റു പല കാര്യത്തിലും തിടുക്കം കാട്ടാറുള്ള സര്‍ക്കാര്‍, വാളയാര്‍ വിധി വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാത്തത് ഇതൊരു മുന്‍ഗണന അര്‍ഹിക്കാത്ത വിഷയമാണെന്നു കരുതിയായിരിക്കണം. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസൂചികകളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളവും അതില്‍ വളരെ പിന്നിലായ യു.പിയും ഈ കാര്യത്തില്‍ ഏതാണ്ട് ഒരേ തട്ടിലാകുന്നു
1860ല്‍ പീനല്‍ കോഡിലെ ബലാത്സംഗം സംബന്ധിച്ച വകുപ്പ് 123 വര്‍ഷം വരെ അതേപടി തുടര്‍ന്നെങ്കിലും 1978ല്‍ തുക്കാറാമും സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയും തമ്മിലുണ്ടായ കേസില്‍ (മഥുര കേസ് എന്ന പേരില്‍ അറിയപ്പെടുന്നു) സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തില്‍, 1983ല്‍ ആ വകുപ്പു ഭേദഗതി ചെയ്തു. നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതികള്‍ക്കായി,’ എന്‍.എസ് മാധവന്‍ പറഞ്ഞു.
2012ല്‍ ദല്‍ഹിയിലെ കുപ്രസിദ്ധമായ ‘നിര്‍ഭയ’ കേസിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന്റെ നിര്‍വചനം വിപുലീകരിച്ചു. പീഡനമേറ്റ വ്യക്തിയുടെ മൊഴിയുടെ പേരില്‍ മാത്രം ശിക്ഷ കൊടുക്കാം. ഫോറന്‍സിക് തെളിവുകളുടെ പ്രാധാന്യം കുറഞ്ഞു. കേരള പൊലീസ് അല്‍പം മനസ്സുവച്ചെങ്കില്‍ വാളയാര്‍ കേസില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രയാസമില്ലായിരുന്നെന്നും എന്‍.എസ് മാധവന്‍ ലേഖനത്തില്‍ പറയുന്നു.
ഇടത് സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും ഇവിടെ തകരുന്നതു കേരള മോഡലാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക