| Sunday, 15th May 2022, 10:15 pm

'ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം'; മീ ടൂ മൂവ്‌മെന്റിനെ അധിക്ഷേപിച്ച ധ്യാനിനെതിരെ എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീ ടൂ മൂവ്മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നത്. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടൂവിനെതിരെ ധ്യാനിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.

മീ ടൂ മൂവ്‌മെന്റിനെ അധിക്ഷേപിച്ച ധ്യാന്‍ ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കുറ്റകൃത്യങ്ങളെ കാലം മായ്ക്കുമെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്,’ എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്.

ധ്യാനിന്റെ മീ ടൂ പരാമര്‍ശമാണ് അഭിമുഖത്തിന്റെ തമ്പ്നെയ്ലിലും ഉപയോഗിച്ചിരുന്നത്. ഇതിനെതിരെയും വിമര്‍ശനമുയരുന്നിരുന്നു. തൊഴിലിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ തുറന്നുപറച്ചില്‍ തന്നെ ആയുധമാക്കിയ മീ ടൂ മൂവ്മെന്റിനെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അപഹസിച്ചത് എന്ന വിമര്‍ശനമുണ്ടായിരുന്നത്.


CONTENT HIGHLIGHTS: Writer N.S. Madhavan criticize Dhyan Srinivasan has come out against the statement insulting the Me Too Movement

We use cookies to give you the best possible experience. Learn more