തിരുവനന്തപുരം: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വാര്‍ത്തയെ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ളവരുള്ള രാജ്യത്താണ് രണ്ട് വരി എഡിറ്റ് ചെയ്തതിന് അറസ്റ്റുകള്‍ നടക്കുന്നതെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു.
‘വാര്‍ത്തയെ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലുള്ള എഡിറ്റര്‍മാരുള്ള ഒരു രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന് ഒരു ഇരുപത്തൊന്നുകാരിയെ അറസ്റ്റ് ചെയ്യുന്നത് എന്ത് പരിഹാസ്യമാണ്,’ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.
ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.
സാമൂഹി സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരും അറസ്റ്റിനെതിര രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. അന്തരാഷ്ട്ര തലത്തിലും വലിയ വിമര്‍ശനമാണ് ദിഷ രവിയുടെ അറസ്റ്റിനെതിരെ രൂപം കൊണ്ടുവരുന്നത്.
Arresting a 21-year-old person for 2 lines of editing of a google document is ridiculous in a country where editors like Arnab maul entire copy. #FreeDishaRavi
ദിഷ രവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധാര്‍ത്ഥ് മുന്നോട്ടുവന്നിരുന്നു. ദിഷ രവിക്കൊപ്പം നിന്ന് എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ നിങ്ങള്‍ക്കിത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന് കടന്ന് പോകും,’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
‘പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒത്തുകൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കൂലിപ്പട്ടാളക്കാര്‍, അവര്‍ ബിരിയാണി കഴിച്ചാല്‍ ജിഹാദികള്‍, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനികള്‍, അവര്‍ സ്വയം സംഘടിച്ചാല്‍ ടൂള്‍ക്കിറ്റ്. ഈ ഫാസിസ്റ്റ് സര്‍ക്കാരിനെക്കുറിച്ച് മാത്രം നമുക്ക് ഒന്നും പറയാന്‍ പറ്റില്ല,’ സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പറയുന്നു.
രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരംവും രംഗത്തെത്തി. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ പ്രതിഷേധിക്കുന്ന കര്‍ഷകരെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂള്‍കിറ്റെന്ന് പി. ചിദംബരം ചോദിച്ചു.
”മൗണ്ട് കാര്‍മല്‍ കോളേജിലെ 22 കാരിയായ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കില്‍ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാള്‍ അപകടകരമാണോ,” പി.ചിദംബരം ചോദിച്ചു.
ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണ്. ദില്ലി പൊലീസ് അടിച്ചമര്‍ത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്. ദിഷ രവിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും പി. ചിദംബരം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക