മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിനെത്തിയതിന് ശേഷം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് എന്‍.എസ് മാധവന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും തനിക്ക് ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീനേതാണെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നുണ്ട്. ചിത്രം കണ്ടപ്പോള്‍ രോമാഞ്ചം വന്നുവെന്നും അമ്പരപ്പിക്കുന്ന രൂപാന്തരമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നതെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
‘നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം ഇതായിരുന്നു. മലയാളിയായ ജെയിംസ് തന്റെ മുണ്ട് മാറ്റി തമിഴനായ സുന്ദരത്തിന്റെ ലുങ്കി ഉടുക്കുന്ന നിമിഷം, അമ്പരപ്പിക്കുന്ന ഒരു രൂപാന്തരമാണ് മമ്മൂട്ടി അപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒറ്റ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റ രീതിയുമൊക്കെ മാറുന്നു. മഹാനടന് അഭിവാദ്യം,’ എന്‍.എസ് മാധവന്‍ കുറിച്ചു.
അതോടൊപ്പം തന്നെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയോടും തിരക്കഥാകൃത്ത് എസ്.ഹരീഷിനോടും തനിക്ക് ബഹുമാനമുണ്ടെന്നും സിനിമ തന്നെ വിസ്മയിപ്പിച്ചു എന്നും മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറയുന്നുണ്ട്.
ഒരൊറ്റ ക്രിഞ്ച് നിമിഷം പോലുമില്ലാതെ, ദീര്‍ഘമായ വിശദീകരണങ്ങള്‍ ഇല്ലാതെ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്നെ വിസ്മയിപ്പിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയോടും എസ് ഹരീഷിനോടും ബഹുമാനം. പ്രേക്ഷകരോട് അവര്‍ കാട്ടിയ ബഹുമാനത്തിന്, മലയാള സിനിമയെക്കുറിച്ച് (തമിഴ് സിനിമയെക്കുറിച്ചും) എനിക്ക് സന്തോഷം തോന്നുന്നു,’ എന്‍.എസ് മാധവന്‍ കുറിച്ചു.
content highlight: writer n s madhavan about nanpakal nerathu mayakkam