കോഴിക്കോട്: രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ വീട്ടില്‍ അടക്കിയിരുത്താനുള്ള സമസ്തയുടെ ഒളിയജണ്ടയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരെയുള്ള മുറവിളിയെന്ന് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു കലാലയത്തില്‍ പഠിക്കുന്നതിനെ ഇവിടുത്തെ മുസ്‌ലിം പൗരോഹിത്യവും ക്രിസ്ത്യന്‍ പൗരോഹിത്യവും എതിര്‍ത്തിരുന്നുവെന്നും കാരശ്ശേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പെണ്‍കുട്ടികള്‍ എഴുത്തുപഠിക്കുക എന്ന് പറഞ്ഞപ്പോള്‍ അധാര്‍മികമാണ്, അനിസ്‌ലാമികമാണ്, മതനിരാസമാണ് എന്ന് പറഞ്ഞവരാണവര്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുമ്പോള്‍ നടുവില്‍ ഒരു മറകെട്ടുന്ന സമ്പ്രദായം വരെയുണ്ട്. ഇതൊക്കെ സ്ത്രീവിരുദ്ധമാണ്.
പാന്റ്‌സ് പുരുഷന്റെ വേഷമാണെന്നാണ് സമസ്ത പറയുന്നത്. പാന്റ്‌സ് മതമില്ല, ജാതിയില്ല ലിംഗഭേദമില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു യൂണിഫോം ഇട്ടാല്‍ എവിടെയാണ് മതനിരാസമെന്നും കാരശ്ശേരി ചോദിച്ചു.
ഫോട്ടോ എടുക്കലും ടി.വികാണലുമൊക്കെ ഹറാമാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേദഗ്രന്ഥങ്ങളില്‍ നിന്നോ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നോ, പ്രവാചക ചര്യയില്‍ നിന്നോ ഇതിനൊന്നും മാതൃക കാണാന്‍ കഴിയില്ലെന്നും കാരശ്ശേരി പറഞ്ഞു.
അതേസമയം, സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ മസ്ജിദുകളില്‍ പ്രചരണം നടത്താനും തീരുമാനമായി. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം വിഷയത്തില്‍ പ്രചരണം നടത്താനാണ് പണ്ഡിത സഭയുടെ തീരുമാനം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വ്യത്യസ്ത മാനങ്ങള്‍ മസ്ജിദുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ഖത്തീബുമാരെ പങ്കെടുപ്പിച്ച് സമസ്ത ആഗസ്ത് 24ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും.
CONTENT HIGHLIGHTS: Writer MN Karassery said says that the outcry against the gender neutral concept is a covert agenda of Samastha to keep women at home.