കോഴിക്കോട്: ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനൊപ്പമാണ് താനെന്ന് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി. ഹിജാബ് ധരിക്കുന്നത് കൊണ്ട് മറ്റൊരാള്‍ക്ക് പ്രശ്‌നം ഇല്ലാത്തിടത്തോളം കാലം ഈ അവകാശത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഡുള്‍ന്യൂസിനോട് പറഞ്ഞു.
ഒരു കന്യാസ്ത്രീക്ക് അവരുടെ അചാരമനുസരിച്ച് തലമയ്‌റക്കാന്‍ അവകാശമുള്ളത് പോലെ ഏതൊരു പെണ്‍കുട്ടിക്കും അതിനുള്ള അവകാശമുണ്ടെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
ഹിജാബ് എന്ന അറബി വാക്കിന് മറയ്ക്കുക എന്നാണ് അര്‍ഥം. ശിരോവസ്ത്രംകൊണ്ട് തലമറയ്ക്കുക. ഇത് മുസ്‌ലിങ്ങളുടെ ഒരു ആചാരമാണ്. ഖുര്‍ആനില്‍ അങ്ങനെയാണോ, മറ്റ് മുസ്‌ലിം ഗ്രന്ഥത്തിലങ്ങനെയാണോ, നബിവചനം ഇങ്ങനെയാണോ, എല്ലാ നാട്ടിലും അങ്ങനെയാണോ ഇതൊന്നും ചര്‍ച്ചചെയ്യേണ്ട ഘട്ടമല്ലിത്.
ഒരു കൂട്ടര്‍ക്ക് തല മറയ്ക്കണം എന്നുണ്ടെങ്കില്‍, അതൊരു പൗരാവകാശ പ്രശ്‌നമാണ്. അത് യൂറോപ്പിലെ പ്രശ്‌നമാണെങ്കിലും കര്‍ണാടകയിലെ പ്രശ്‌നമാണെങ്കിലും അങ്ങനെയാണെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
ഉത്തരേന്ത്യയിലൊക്കെ ഹിന്ദു സ്ത്രീകളില്‍ വരെ തലമറയ്ക്കുന്ന വിഭാഗമുണ്ട്. സിഖുകാരിലെ സ്ത്രീകള്‍ ഷാളുകൊണ്ടും പുരുഷന്മാര്‍ തലപ്പാവുകൊണ്ടും തല മറക്കുന്നുണ്ട്. ഇതൊക്കെ അവരുടെ അവകാശത്തിന്റെ ഭാഗമായുള്ളതാണെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു.
‘യുക്തിയെപ്പറ്റിയല്ല ഭക്തിയെപ്പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. പൊട്ടുതൊടുന്ന ആളുകള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. മറ്റൊരാളെ ബാധിക്കാത്തിടത്തോളം കാലം അത് അനുവദിക്കില്ലെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. മുഖം മൂടുന്നതടക്കമുള്ള പര്‍ദയാണെങ്കില്‍ അത് വേറെ ഒരാളെ ബാധിക്കുന്ന കാര്യമാണ്.