ഉരു ഉള്ളില്‍ തട്ടിയ സിനിമ, ഒരു സ്വപ്‌നം കണ്ടതുപോലെ തോന്നി: എം മുകുന്ദന്‍
Entertainment news
ഉരു ഉള്ളില്‍ തട്ടിയ സിനിമ, ഒരു സ്വപ്‌നം കണ്ടതുപോലെ തോന്നി: എം മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd March 2022, 10:22 pm

മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം. അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ‘ഉരു’. ബേപ്പൂരിലെ ഉരു നിര്‍മാണ കേന്ദ്രത്തില്‍ ചിത്രീകരിച്ച സിനിമ, പ്രവാസി കുടുംബത്തിന്റെയും ഉരു നിര്‍മാണ തെഴിലാളികളുടെയും കഥയാണ് പറയുന്നത്.

സിനിമയുടെ പ്രിവ്യൂ തലശേരി ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസ് തീയേറ്ററില്‍ വെച്ചാണ് നടന്നത്. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കുടുംബവും, എം. മുകുന്ദനും കുടുംബവും ഉള്‍പ്പടെ രാഷ്ട്രീയ, സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ സിനിമ കാണാനെത്തിയിരുന്നു.

ഉള്ളില്‍ തട്ടുന്ന സിനിമയാണ് ഉരുവെന്നായിരുന്നു പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞത്. ഉരു സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടതുപോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് താന്‍ കണ്ട ഏറ്റവും നല്ല സിനിമയാണ് ഉരു എന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രന് പറയാനുണ്ടായിരുന്നത്. ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പകച്ചു പോകുന്ന മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സംഭവങ്ങളെ ദൃശ്യവത്കരിച്ച്, മനസുകളില്‍ ആര്‍ദ്രമായ സ്‌നേഹം വരച്ചു കാണിക്കുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ഉരുവിലെ അഭിനേതാക്കള്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നാണ് ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ മാമുക്കോയ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കെ.യു. മനോജ്, മഞ്ജു പത്രോസ്, രാജേന്ദ്രന്‍ തായാട്ട്, അനില്‍ അനില്‍ ബേബി, അജയ് കല്ലായി, അര്‍ജുന്‍, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്‌കര്‍, പി.കെ. സാഹിര്‍, മന്‍സൂര്‍ പള്ളൂര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രഭാവര്‍മ ഗാനരചനയും കമല്‍ പ്രശാന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പെരുമ്പടവമാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഹരിനായര്‍. ദീപാങ്കുരന്‍ കണ്ണാടിമനയാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Writer M Mukundhan says about Uru movie