കാസര്‍ഗോഡ്: റോഡിലൂടെ നടക്കുമ്പോള്‍ നായകളേയും കുഴിയേയും പേടിക്കേണ്ട അവസ്ഥയാണ് നിലവിലുളളതെന്ന വിമര്‍ശനവുമായി സാഹിത്യകാരന്‍ എം. മുകുന്ദന്‍. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിലാണ്. അതില്‍ നമ്മുക്ക് നാണക്കേടും വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്‌തോകത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലം കഴിഞ്ഞ് വേണം തനിക്ക് മുണ്ട് മടക്കികുത്തി റോഡിലൂടെയൊക്കെ നടക്കാന്‍, ചായക്കടയില്‍ കയറി ഒരു ചായ കുടിക്കാന്‍, എന്നൊക്കെ മോഹിച്ചിരുന്നു. എന്നാല്‍ നമ്മളിപ്പോള്‍ ജീവിക്കുന്നത് വൈറസിന്റെ കാലത്തല്ല. നമ്മളിപ്പോള്‍ ജീവിക്കുന്നത് പട്ടികളുടെ റിപ്പബ്ലിക്കിലാണ്. കൊവിഡ് വൈറസ് പോയി ഇപ്പോള്‍ മറ്റൊരു ജീവി നമ്മളെ ഭയപ്പെടുത്തുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു.
‘പട്ടികള്‍ ഒരു റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിഞ്ഞ് റോഡില്‍ കൂടി നടക്കണം. വളരെയധികം പ്രബുദ്ധ സമൂഹമാണ് നമ്മള്‍. അത്രയേറെ ചിന്തിക്കുന്നവരും വായിക്കുന്നവരുമാണ്. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്. കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുണ്ട്.’ മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക സിറ്റിങിലാണ് കോടതി പരമാര്‍ശം ഉണ്ടായത്.
തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷരകേരളത്തിന് ഇത് അപമാനമാണെന്നും രാജ്യവ്യാപകമായി ഈ പ്രശ്‌നമുണ്ടെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് വ്യക്തമാക്കി. കുടുംബ്രശ്രീയുടെ സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം വന്ധ്യംകരണത്തിനുള്ള അനുമതി കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
തെരുവ് നായകളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നായകളെ കൊല്ലുന്നതിനും വളര്‍ത്തുനായകളെ വഴിയില്‍ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദേശിച്ചാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍.
നായകളെ കൊല്ലുന്നതും മാരകമായി പരിക്കേല്‍പ്പിക്കുന്നതും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തു നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പ് വരുത്തുകയും വേണം.