| Saturday, 3rd April 2021, 7:12 pm

ഇടതുപക്ഷത്തിന് വോട്ട് പിടിക്കുന്നവര്‍ വടകരയില്‍ കെ. കെ രമയെ പിന്തുണയ്ക്കുമോ? കെ. ആര്‍ മീരയോടും ബെന്യാമിനോടും എഴുത്തുകാരന്‍ കരുണാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനെത്തുന്ന എഴുത്തുകാര്‍ വടകരയില്‍ കെ കെ രമയ്ക്കായി പ്രചാരണത്തിനിറങ്ങുമോ എന്ന് എഴുത്തുകാരന്‍ കരുണാകരന്‍. കെ ആര്‍ മീര, ബെന്യാമിന്‍ തുടങ്ങി തൃത്താലയില്‍ എം ബി രാജേഷിനായി പ്രചാരണത്തിനെത്തുന്ന എഴുത്തുകാരോടാണ് കരുണാകരന്റെ ചോദ്യം.

അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് ഒരടി വെയ്ക്കാന്‍ കഴിയില്ലെന്നും ഉടുപ്പില്‍ മൂത്രം പോവുമെന്നും കരുണാകരന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്ക് ഉണ്ട്. ആ ബാങ്കില്‍ കപട ഇടത് ഒരു വലിയ സംഖ്യയാണ്, മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാര്‍ട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ലെന്നും കരുണാകരന്‍ വിമര്‍ശിക്കുന്നു.

കെ. ആര്‍ മീര നേരത്തെയും വി. ടി ബല്‍റാമിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എം. ബി രാജേഷുമായി ഏത് വിരുദ്ധ അഭിപ്രായമായാലും ജനാധിപത്യപരമായ സംവാദം സാധ്യമാണെന്നും ബല്‍റാമിനോട് അത് സാധ്യമല്ലെന്നുമായിരുന്നു മീര പറഞ്ഞത്.

കരുണാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തൃത്താലയില്‍ വി ടി ബല്‍റാമിനെതിരെ വോട്ട് പിടിക്കാന്‍ പോകുന്ന മീര, ബെന്യാമിന്‍, തുടങ്ങിയ എഴുത്തുകാര്‍ (പുരോഗമന സാഹിത്യശീലര്‍) വടകരയില്‍ കെ കെ രമയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ പോവുമോ? ഇല്ല. കഴിയില്ല. കാല് വിറയ്ക്കും..അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് ഒരടി വെയ്ക്കാന്‍ കഴിയുമോ? ഇല്ല. ഉടുപ്പില്‍ മൂത്രം പോവും..

എഴുത്തുകാരുടെ മണ്ഡലമറിയാത്ത ഈ പാര്‍ട്ടി അടിമകളെ കൂവി ഇരുത്താന്‍ അവരുടെ ഉള്ളില്‍പ്പോലും കഥയും കവിതയും ശീലിച്ച ഒരു കുട്ടി ഇല്ലാതെ പോയല്ലോ, അതാണ് എഴുത്ത് – ദുരന്തം..

പൊതുസമൂഹത്തില്‍ ജനാധിപത്യം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമായാണ് എഴുത്തുകാര്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഒരു പാര്‍ട്ടിയിലും അംഗമാവുന്നില്ല. ആവരുത്. എന്നാല്‍, കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്ക് ഉണ്ട്. ആ ബാങ്കില്‍ കപട ഇടത് ഒരു വലിയ സംഖ്യയാണ്, മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാര്‍ട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല. പൊളിറ്റിക്കല്‍ ജാഡ കാണിക്കാം എന്നല്ലാതെ.

സുമാര്‍ അന്‍പതു വര്‍ഷം മുമ്പാകും നെരൂദയുടെ സ്റ്റാലിനിസ്റ്റ് അനുഭാവത്തെ ആശയപരമായി നേരിട്ട ഒക്ടോവിയൊ പാസിനെ കാണാം, എഴുത്തുകാരുടെ സ്വാതന്ത്ര്യ കല്പനകളെ ചര്‍ച്ച ചെയ്യുന്ന പാസിനെ. നെരൂദയെ വിവര്‍ത്തനം ചെയ്ത സച്ചിദാനന്ദനും പക്ഷെ പാസിന്റെ ആശയലോകം പറയില്ല, മനസ്സിലാകാഞ്ഞിട്ടല്ല, പക്ഷെ റീഡേഴ്സ് ബാങ്കിന്റെ പേരില്‍ പറയില്ല. എഴുപതുകളിലെ നക്‌സല്‍ ഉന്മൂലനത്തെ താന്‍ എതിര്‍ത്തു എന്ന് എഴുതും പറയും, എന്നാല്‍ രണ്ടായിരം ആണ്ടുകളില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയ പാര്‍ട്ടിക്കു വേണ്ടി വോട്ട് ചോദിക്കാന്‍ ഒരു മടിയും കാണില്ല. അതാണ് നമ്മുടെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്കിന്റെ കളി.

അതിനാല്‍ ഈ തിരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും. കാര്യം അതല്ല, കാര്യം അതിവേഗം ഫാഷിസവല്‍ക്കരിക്കപ്പെടുന്ന പാര്‍ലിമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിനുവേണ്ടി വീണ്ടെടുക്കാന്‍ ശ്രമിക്കുക എന്നാണ്. എഴുത്തുകാരുടെ ജോലി അതാണ്. വേറെ ഒന്നുമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Writer Karunakaran to Benyamin and K R Meera about election campaign

We use cookies to give you the best possible experience. Learn more