| Sunday, 19th June 2022, 2:13 pm

'പത്രപ്രവര്‍ത്തകയാകും വരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നു': കെ.ആര്‍. മീര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വായനാദിനത്തില്‍ ആശംസാകുറിപ്പുമായി എഴുത്തുകാരി കെ.ആര്‍. മീര. ഉണ്ണാനും ഉറങ്ങാനും പുസ്തകം അത്യാവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും പത്രപ്രവര്‍ത്തകയാകും വരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നുവെന്നും കെ.ആര്‍. മീര എഴുതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘പത്രപ്രവര്‍ത്തകയാകും വരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നു.
ഉണ്ണാനും ഉറങ്ങാനും പുസ്തകം അത്യാവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇടത്തെ കയ്യിലൊരു പുസ്തകമില്ലാതെ ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്ന കാലം.
വായിച്ചു വായിച്ചല്ലാതെ ഉറങ്ങിയിട്ടില്ലാത്ത കാലം.

വായിച്ചല്ലാതെ പ്രേമിക്കാന്‍ പോലും കഴിയാതിരുന്ന കാലം.
വായിക്കുന്നവര്‍ വായിക്കാത്തവരേക്കാള്‍ മെച്ചമാണെന്ന ധാരണയുണ്ടായിരുന്നു, അക്കാലത്ത്. വെറും തെറ്റിദ്ധാരണ.
പക്ഷേ, അതു വായനയുടെ കുഴപ്പമല്ലെന്നും എല്ലാ പുസ്തകങ്ങളും എല്ലാവര്‍ക്കുമുള്ളതല്ലെന്നും കൂടുതല്‍ വായിച്ചപ്പോള്‍ മനസിലായി.

അക്ഷരങ്ങളില്‍ ആത്മാവിനെ അലിയിച്ചു ചേര്‍ക്കുന്ന തരം പുസ്തകങ്ങള്‍ സുലഭമായിരുന്നെങ്കില്‍ ഞാനൊരിക്കലും എഴുതാന്‍ ഒരുമ്പെടുമായിരുന്നില്ല.
വായിച്ചു തീരുമ്പോള്‍ ഞാനും ഇല്ലാതെയാകുന്ന തരം ഒരു പുസ്തകം വേണം. അതു വായിച്ചുകൊണ്ടു വേണം, എനിക്കു മരിച്ചു പോകാന്‍.
എല്ലാവര്‍ക്കും മനസുനിറയെ വായന സ്‌നേഹത്തോടെ ആശംസിക്കുന്നു,’ കെ.ആര്‍. മീര ഫേസ്ബുക്കില്‍ എഴുതി.

1996 മുതലാണ് കേരള സര്‍ക്കാര്‍ ജൂണ്‍ 19ന് വായനാദിനമായി ആചരിക്കുന്നത്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.

CONTENT HIGHLIGHTS: Writer K.R. Meera with a congratulatory note on Reading Day

We use cookies to give you the best possible experience. Learn more