കോഴിക്കോട്: വായനാദിനത്തില്‍ ആശംസാകുറിപ്പുമായി എഴുത്തുകാരി കെ.ആര്‍. മീര. ഉണ്ണാനും ഉറങ്ങാനും പുസ്തകം അത്യാവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും പത്രപ്രവര്‍ത്തകയാകും വരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നുവെന്നും കെ.ആര്‍. മീര എഴുതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘പത്രപ്രവര്‍ത്തകയാകും വരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നു.
ഉണ്ണാനും ഉറങ്ങാനും പുസ്തകം അത്യാവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇടത്തെ കയ്യിലൊരു പുസ്തകമില്ലാതെ ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്ന കാലം.
വായിച്ചു വായിച്ചല്ലാതെ ഉറങ്ങിയിട്ടില്ലാത്ത കാലം.
വായിച്ചല്ലാതെ പ്രേമിക്കാന്‍ പോലും കഴിയാതിരുന്ന കാലം.
വായിക്കുന്നവര്‍ വായിക്കാത്തവരേക്കാള്‍ മെച്ചമാണെന്ന ധാരണയുണ്ടായിരുന്നു, അക്കാലത്ത്. വെറും തെറ്റിദ്ധാരണ.
പക്ഷേ, അതു വായനയുടെ കുഴപ്പമല്ലെന്നും എല്ലാ പുസ്തകങ്ങളും എല്ലാവര്‍ക്കുമുള്ളതല്ലെന്നും കൂടുതല്‍ വായിച്ചപ്പോള്‍ മനസിലായി.