കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗംഭീര കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എന്നാലിപ്പോള്‍ സിനിമക്കെതിരെ കടുത്ത വിമര്‍ശനവുമായി വന്നിരിക്കുകയാണ് എഴുത്തുകാരന്‍ ജയമോഹന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ തന്നെ അലോസരപ്പെടുത്തിയെന്നും, മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും ജയമോഹന്‍ അഭിപ്രായപ്പെട്ടു. മലയാളികളെ പെറുക്കികള്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ജയമോഹന്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്.
‘സമകാലീന സിനിമയില്‍ ഞാനും ഭാഗമായതിനാല്‍ ഒന്നിനെയും വിമര്‍ശിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല. ഒരുപാട് മികച്ച അഭിപ്രായങ്ങള്‍ കിട്ടിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാള സിനിമ കാണാന്‍ ഇടയായി.
ഓരോ സിനിമയും അതിന്റെ ലുക്കില്‍ ക്ലാസിക് ആണ്. ഇരുന്ന് കാണാന്‍ പറ്റാത്ത ബോറടിപ്പിക്കുന്ന വ്യാജ സൃഷ്ടികളാണ് അവയില്‍ ചിലത്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴില്‍ വന്നിരുന്നെങ്കില്‍ എല്ലാ നിരൂപകരും അതിനെ ചോദ്യം ചെയ്യുമായിരുന്നു. അതായത്, തമിഴ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഇത്രയും വലിയ അപകടവും വീരകൃത്യവും കേരളത്തിലെ ആ ഗ്രാമവാസികള്‍ അറിഞ്ഞിരുന്നില്ല. ഇത് ക്ലൈമാക്‌സിലേക്ക് വലിച്ചുനീട്ടാന്‍ വേണ്ടി നിര്‍മിച്ചതാണ്. മലയാള സിനിമകളില്‍ മാത്രമാണ് റിയലിസം എന്ന് പറയുന്നത് നമ്മുടെ അറിവുകേടാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ സംബന്ധിച്ചിടത്തോളം അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. അതില്‍ കാണിച്ചിരിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇതേ മാനസികാവസ്ഥയാണ്. മദ്യപിക്കുക, ഛര്‍ദ്ദിക്കുക, അലസമായി നടക്കുക, വീഴുക, ഓരോയിടത്തും അതിക്രമിച്ച് കയറുക എന്നല്ലാതെ മറ്റൊന്നിലും ഇവര്‍ക്ക് താത്പ്പര്യമില്ല. അടിസ്ഥാന അറിവോ പൊതു നാഗരികതയോ ഇവര്‍ക്കില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നത്.
ഇവര്‍ മദ്യപിച്ച ശേഷം കാട്ടില്‍ കുപ്പികള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. എല്ലാ വര്‍ഷവും ചുരുങ്ങിയത് 20 ആനകള്‍ക്കെങ്കിലും ഇതുമൂലം പരിക്ക് പറ്റുകയും കാലിലെ മുറിവ് ചീഞ്ഞ് മരിക്കുകയും ചെയ്യുന്നുണ്ട്. ഞാനെഴുതിയ ‘എലിഫന്റ് ഡോക്ടേഴ്‌സ്’ എന്ന പുസ്തകത്തില്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്. ഇതിന്റെ സംവിധായകന്‍ ആ പുസ്തകം വായിക്കാന്‍ ഇടയുണ്ടാവില്ല. അയാളും ആ മദ്യപാനി സംഘത്തിലെ ഒരാളായിരിക്കും. ഈ മലയാളി ‘പെറുക്കി’കള്‍ക്ക് മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാണ് ഉത്തരം നല്‍കുന്നത്. മറ്റുള്ളവര്‍ അവരുടെ ഭാഷ അറിയണമെന്ന വാദമാണ് ഇവരുടേത്’ ജയമോഹന്‍ പറഞ്ഞു.
Content Highlight: Writer Jeyamohan criticize Manjummel Boys by saying that Malayalis are drug addicts