| Thursday, 16th February 2023, 7:12 pm

സച്ചിയെഴുതിയ കുറിപ്പ് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; അത്രത്തോളം അയാളത് ആഗ്രഹിച്ചിരുന്നു: ജി.ആര്‍. ഇന്ദുഗോപന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച സംവിധായകന്‍ സച്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കു വെക്കുകയാണ് സംവിധായകനും  എഴുത്തുകാരനുമായ ജി.ആര്‍. ഇന്ദുഗോപന്‍.
വിലായത്ത് ബുദ്ധ സിനിമയാക്കാന്‍ സച്ചി ഏറെ ആഗ്രഹിച്ചിരുന്നെന്നും സിനിമയിലെ കഥാ പാത്രങ്ങളെക്കുറിച്ച് സച്ചിയെഴുതിയ കുറിപ്പുകള്‍ കണ്ടപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ദു ഗോപന്റെ തിരക്കഥയില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സംവിധായകന്‍ സച്ചിയായിരുന്നു.

പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

‘സച്ചി നേരത്തെ എന്റെ അടുത്ത് അമ്മിണി പിള്ള വെട്ട് കേസ് എന്ന ചിത്രത്തിന്റെ കഥയാണ് ചോദിച്ചിരുന്നത്. അത് ഞാന്‍ മറ്റൊരു സുഹൃത്തിന് കൊടുക്കാമെന്ന് ഏറ്റിരിക്കുകയായിരുന്നു. ഞാന്‍ അക്കാര്യം സച്ചിയോട് പറഞ്ഞു. പിന്നീട് വിലായത്ത് ബുദ്ധ മാതൃഭൂമിയില്‍ എഴുതി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അതിന്റെ മുഴുവന്‍ ലക്കങ്ങളും അദ്ദേഹം എന്നോട് ചോദിച്ചു വാങ്ങി.

പിന്നീട് അത് തിരിച്ച് തന്നില്ല. അച്ചടിച്ച് തീരുന്നതിന് മുമ്പ് തന്നെ സിനിമയാക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍ . അതിനായി മറയൂരിലേക്ക് ഒരാളെ അയക്കുകയും മറ്റ് ജോലികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടി ചില കുറിപ്പുകള്‍ എഴുതി വെക്കുകയും ചെയ്തിരുന്നു.

ഓരോ ക്യാരക്ടറിനെ കുറിച്ചുമുള്ള വിശദമായ ക്യാരക്ടര്‍ സ്‌കെച്ചുകളായിരുന്നു അത്. പീന്നീടത് കണ്ടപ്പോള്‍ എനിക്ക് വലിയ വേദന തോന്നി.
അത്രത്തോളം ക്യാരക്ടറിനെ കണ്‍സീവ് ചെയ്ത, അതിനെ ദൃശ്യമാക്കാന്‍ അത്രമാത്രം ആഗ്രഹിച്ച ഒരാള്‍ എഴുതി വെച്ച നോട്ട് കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.

ചിത്രം പിന്നീട് സച്ചിയുടെ അസോസിയേറ്റായിരുന്ന ജയന്‍ നമ്പ്യാരിലേക്ക് എത്തുകയായിരുന്നു. അദ്ദേഹം അത് വളരെ മനോഹരമായി ചെയ്യുന്നുണ്ട്. സച്ചി വളരെയധികം പ്രതീക്ഷയോടെ സമീപിച്ചിരുന്ന പ്രൊജക്ട് ആയിരുന്നു വിലായത്ത് ബുദ്ധ. സച്ചിക്കുള്ള ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് എല്ലാവരും ആ ചിത്രത്തെ സമീപിക്കുന്നത്,’ ഇന്ദുഗോപന്‍ പറഞ്ഞു.

Content Highlight: writer Indhu gopan remembering director Sachi

We use cookies to give you the best possible experience. Learn more