കോഴിക്കോട്: സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ്.ഹരീഷ് തന്റെ നോവലായ “മീശ” മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ചത് “കുട്ടികള്‍ തിരികെ വീട്ടിലെത്തില്ല” എന്ന ഭീഷണി ഉള്‍പ്പെടെ സഹിക്കേണ്ടി വന്നതിനാല്‍.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. മാതൃഭൂമി ഹരീഷിനൊപ്പം നിന്നില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും, അസഹനീയമായ ഭീഷണി സഹിക്കവയ്യാതെയാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചതെന്നും ഇവര്‍ പറഞ്ഞു.
“മാതൃഭൂമി നോവല്‍ പിന്‍വലിക്കാന്‍ ഹരീഷിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. ഹരീഷാണ് നോവല്‍ പിന്‍വലിക്കുന്നു എന്ന് പറഞ്ഞ് ഒരു കുറിപ്പ് മാതൃഭൂമിക്ക് അയക്കുന്നത്. ആ കുറിപ്പ് ഞങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കും. ആ വിശദീകരണക്കുറിപ്പില്‍ ഹരീഷ് കൃത്യമായി സംഘപരിവാറില്‍ നിന്നുണ്ടായ ആക്രമണം വിവരിക്കുന്നുണ്ട്. ഭാര്യയേയും മകളേയും ഉള്‍പ്പെടെ ഫോട്ടോ ഉപയോഗിച്ച് അവഹേളിച്ചിട്ടുണ്ട്. മക്കള്‍ വീട്ടിലെത്തില്ല എന്ന തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്.
മാതൃഭൂമി ഹരീഷിനൊപ്പം തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതി ഹരീഷിന് എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ട്. ഈ വിശദീകരണക്കുറിപ്പ് വായിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഹരീഷാണ് ഇത് വിശദീകരിക്കേണ്ട ആള്‍. ഇത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതോട് കൂടെ തെറ്റ്ദ്ധാരണകള്‍ മാറും”. ഇതാണ് ഔദ്യോഗികവൃത്തം നൽകുന്ന വിശദീകരണം.
മാതൃഭൂമി പിന്തുണ നല്‍കാത്തതിനാലും, മാതൃഭൂമിയിലെ സംഘപരിവാര്‍ അനുകൂലികള്‍ കലാപക്കൊടി ഉയര്‍ത്തിയതിനാലുമാണ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടി വന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് മാതൃഭൂമി ഔദ്യോഗികവൃത്തം നിഷേധിക്കുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യുന്ന വ്യക്തി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നേരത്തെ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായ കമല്‍ റാം സജീവും സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. കേരള ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു കമല്‍ റാം സജീവിന്റെ പ്രതികരണം