തൃശൂര്‍: തന്റെ ഫാന്‍സ് ഗ്രൂപ്പില്‍ കെ.കെ. രമ എം.എല്‍.എയെയും അനുപമയേയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് വന്നതില്‍ വിശദീകരണവുമായി എത്തിയ എം. സ്വരാജിനെ അഭിനന്ദിച്ച് എഴുത്തുകാരി ദീപ നിഷാന്ത്.
സ്വന്തം ‘ആര്‍മി’ക്കാരെ ഒന്ന് നുള്ളി നോവിച്ചാല്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ച വരുമോ എന്ന് പേടിച്ച് അഴകുഴമ്പന്‍ നിലപാടെടുക്കുന്ന പരാദജീവികള്‍ക്ക് ഒരു പാഠമാണ് സ്വരാജിന്റെ പോസ്റ്റെന്ന് ദീപ നിഷാന്ത് പറഞ്ഞു. ഫേസ്ബുക്കില്‍ സ്വരാജിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തായിരുന്നു അവരുടെ പ്രതികരണം.
തന്റെ വെരിഫൈഡ് എഫ്.ബി പേജിലൂടെ മാത്രമാണ് താന്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളതെന്നും, പ്രസ്തുതപേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ തനിയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനു മാത്രമേ ഉത്തരവാദിത്വമുള്ളൂ എന്നും വ്യക്തമാക്കുന്ന നേതാക്കളെ അധികം കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഏതെങ്കിലും വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരിലും പ്രതികരിക്കാത്തതിന്റെ പേരിലും പല രാഷ്ട്രീയനേതാക്കളുടെ ‘ആര്‍മി ‘ ഗ്രൂപ്പുകളില്‍ നിന്നും ‘വെര്‍ബല്‍ ഡയേറിയ’ ഏറ്റുവാങ്ങിയിട്ടുണ്ട്.
കമന്റ് ബോക്‌സിലും ഇത്തരം ‘ഡയേറിയ’ക്കാരുടെ ഛര്‍ദ്ദീം വയറിളക്കോം കാണാറുണ്ട്. ആദ്യമൊക്കെ വിഷമം തോന്നാറുണ്ടായിരുന്നെങ്കിലും പിന്നീടത് ശീലമായി. ഇപ്പോ ഒരു കുന്തോം തോന്നാറില്ലെന്നും അവര്‍ പറഞ്ഞു.
അമ്മയറിയാതെ കുട്ടിയെ കടത്തിയ സംഭവത്തില്‍ കുഞ്ഞിനെ ലഭിച്ചതിന് പിന്നാലെ അനുപമയും വടകര എം.എല്‍.എ കെ.കെ. രമയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് അധിക്ഷേപ പ്രചരണം നടന്നിരുന്നു.
എം. സ്വരാജിന്റെ ഫാന്‍സ് പേജായ ‘ടീം ചെങ്കൊടിയേന്തിയ കൈകള്‍ എം. സ്വരാജ് ഫാന്‍സി’ലായിരുന്നു ഇത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരം പേജില്‍ വരുന്ന പോസ്റ്റുകളുടെ ഉത്തരവാദികള്‍ അത് ചെയ്യുന്നവര്‍ മാത്രമാണ് എന്നാണ് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
‘എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല’, സ്വരാജ് പറഞ്ഞു.