കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയിരിക്കുന്നത്.
കേസില്‍ ഈ മാസം 20ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിന്നാലെയാണിപ്പോള്‍ അദ്ദേഹം കീഴടങ്ങിയിരിക്കുന്നത്.
അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കണം എന്നാണ് കോടതി ഉത്തരവ്.
ഈ വര്‍ഷം ഏപ്രില്‍ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സിവികിനെതിരായ കേസ്.
പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ വേണ്ടിയുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും ഹൈക്കോടതി നീക്കം ചെയ്തിരുന്നു. പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ലെന്നാണ് വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞത്.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.
യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ നിരീക്ഷണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
CONTENT HIGHLIGHT: Writer Civic Chandran surrenders in sexual harassment case