|

ഹിഗ്വിറ്റ എന്‍.എസ് മാധവന്റെ മാത്രം സ്വന്തമല്ല, എന്നാല്‍ സിനിമാക്കാരുടെ ഇരട്ട സ്വഭാവത്തെപറ്റി പറയാതെ തരമില്ല: ബെന്യാമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഹിഗ്വിറ്റ’ വിഷയത്തില്‍ എന്‍.എസ് മാധവനെ പിന്തുണക്കുന്നില്ലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഹിഗ്വിറ്റ എന്ന പേര് എന്‍.എസ് മാധവന്റെ സ്വന്തമല്ലെന്നും, അതുകൊണ്ട് തന്നെ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണക്കാനില്ലെന്നും ബെന്യാമിന്‍ പറഞ്ഞു. എന്നാല്‍ സിനിമാക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്‍.എസ് മാധവന്റെ ഹിഗ്വിറ്റ മാത്രമല്ല, അടുത്തിടയായി സിനിമാക്കാര്‍ ഓസിന് പല പേരുകളും ചൂണ്ടികൊണ്ട് പോയിട്ടുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു. ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപിള്ള’, എസ്.ഹരീഷിന്റെ ‘അപ്പന്‍’, പെരുമ്പടവം ശ്രീധര മേനോന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’, തുടങ്ങിയവയാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞത്. അത്തരത്തില്‍ നിരവധി പേരുകള്‍ ക്രഡിറ്റ് പോലും വെക്കാതെ ചൂണ്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും ബെന്യാമിന്‍ കുറിച്ചു.

‘ഹിഗ്വിറ്റ മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നില്ല. എന്നാല്‍ സിനിമാക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമാക്കാര്‍ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകള്‍, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ്.ഹരീഷിന്റെ അപ്പന്‍, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്.

ഒരു ക്രഡിറ്റ് പോലും വെക്കാതെ കഥകള്‍ ചൂണ്ടിക്കൊണ്ട് പോയ അനുഭവങ്ങള്‍ നൂറായിരം. എന്നിട്ട് ഈ സിനിമക്കാര്‍ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയ് രജിസ്റ്റര്‍ ചെയ്യും. പിന്നെ ആ പേര് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവന്‍ സ്വന്തം പേരില്‍ പിടിച്ച് വെക്കും. മാധവന് എതിരെ സംസാരിക്കുന്നവര്‍ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞുവെക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമാക്കാരുടെ ഹുങ്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്; ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്‍.എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണ് ഹിഗ്വിറ്റ. എന്നാല്‍ തന്റെ അനുവാദമില്ലാതെ, പുതിയ ചിത്രത്തിന് ആ പേര് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ് മാധവന്‍ രംഗത്ത് വന്നിരുന്നു. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു വിവാദം ഉണ്ടാകുന്നത്. അതേസമയം ഹിഗ്വിറ്റ എന്ന ചിത്രത്തിന് ആ പേര് നല്‍കുന്നത് ഫിലിം ചേംബര്‍ വിലക്കിയതായി അല്പം മുമ്പ് അറിയിച്ചു. എന്‍.എസ്. മാധവനില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നുമാണ് ചേംബര്‍ അറിയിച്ചത്.

എന്‍.എസ്. മാധവന്റെ ട്വീറ്റിന് പിന്നാലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ പേര് വിലക്കിയിരിക്കുന്നത്. അദ്ദേഹത്തോട് അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമക്ക് നല്‍കിയതെന്നാണ് ചേംബറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് താല്‍ക്കാലികമായി വിലക്കിയത്. എന്‍.എസ് മാധവന്റെ അനുമതി വാങ്ങിയാല്‍ വിലക്കില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ചേംബര്‍ അറിയിച്ചു.

2019ല്‍ ചിത്രീകരണം തുടങ്ങിയ ഹിഗ്വിറ്റ എന്ന ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത് ജി. നായരാണ്.

content highlight: writer benyamin talks about ns madhavan issue

Video Stories