തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ വന്നുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍.
സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നും ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ലെന്നും ബെന്യാമിന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ വീണയുടെയും റിയാസിന്റെയും തീരുമാനം തീര്‍ച്ചയായും മാതൃകാപരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”അവര്‍ക്കിഷ്ടമാണെങ്കില്‍ അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുന്‍ പങ്കാളികള്‍ക്ക് അതൊരു വിഷയവുമല്ല. പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്,” അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യർക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ ആ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ ജീവിതത്തിനുമേൽ മാന്യതയില്ലാതെ കൈകടത്താൻ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണം. ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരു ബീച്ചിൽ പോയിരുന്നാൽ പോലും പിന്നാലെ പമ്മിച്ചെന്നു നോക്കുന്ന ഒരു വിഭാഗം മലയാളിയല്ലാതെ മറ്റാരും ഈ ലോകത്തിൽ തന്നെ കാണില്ല. വിദ്യാഭ്യാസപരമായി നാം കുറെ വളർന്നിട്ടുണ്ടവാം. പക്ഷേ മാനസികമായി നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ഓരോ അനുഭവങ്ങളും നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
വളരെ അടുത്തറിയാവുന്ന ചിലരുടെ പോലും ഫേസ് ബുക്ക് പോസ്റ്റുകൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് പറയേണ്ടി വരുന്നത്. വിഷയം: മുഹമ്മദ് റിയാസും വീണയും വിവാഹിതാകുന്നു. ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? അഞ്ച് വർഷം മുൻപ് വിവാഹമോചനം നേടിയ ഒരു പുരുഷൻ. നാലു വർഷം മുൻപ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവർക്കിഷ്ടമാണെങ്കിൽ അവർ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നിൽക്കുകയോ ചെയ്യട്ടെ. അതിനവർക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുൻ പങ്കാളികൾക്ക് അതൊരു വിഷയവുമല്ല. പുനർ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തിൽ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാലും അതിനു ‘ഞങ്ങളുടെ അനുവാദം’ വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങൾ. ആ വാർത്ത കേട്ട് ഹാലിളകിപ്പോയ ചിലരാവട്ടെ അധിഷേപവും പരിഹാസവും കൊണ്ട് പൊതു ഇടങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ചിലർ അതിൽ ജാതിയും മതവും കലർത്തുന്നു. ചിലരാവട്ടെ അതിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് ഗൂഡാലാചന സിദ്ധാന്തം ചമക്കുന്നു. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യം! ഈ ദുരന്തകാലത്തിലും നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണല്ലോ. അതിൽ നിന്ന് കണ്ണെടുക്കാൻ നിന്റെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ.
അപരന്റെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഈ വൈകൃതങ്ങൾ കണ്ട് ഇതര സമൂഹങ്ങൾ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്കാരിക വളർച്ചയെ അവർ ചോദ്യം ചെയ്യും.
റിയാസിനും വീണയ്ക്കും ആശംസകൾ.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ