തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ വന്നുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ ബെന്യാമിന്‍.
സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നും ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ലെന്നും ബെന്യാമിന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ വീണയുടെയും റിയാസിന്റെയും തീരുമാനം തീര്‍ച്ചയായും മാതൃകാപരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”അവര്‍ക്കിഷ്ടമാണെങ്കില്‍ അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുന്‍ പങ്കാളികള്‍ക്ക് അതൊരു വിഷയവുമല്ല. പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്,” അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.