മഞ്ജു വാര്യര്‍ നായികയായ ആയിഷ സിനിമയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരു പ്രതീക്ഷയുമില്ലാതെയാണ് ആയിഷ കാണാന്‍ പോയതെന്നും എന്നാല്‍ ചിത്രം അടിമുടി അമ്പരപ്പിച്ച് കളഞ്ഞുവെന്നും ബെന്യാമിന്‍ പറഞ്ഞു. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജ്വലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമാണ് ആയിഷയെന്നും കാണേണ്ട പടങ്ങളുടെ കൂട്ടത്തില്‍ ഇതും നിര്‍ദേശിക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബെന്യാമിന്‍ പറഞ്ഞു.
‘വയനാട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ കോഴിക്കോട് വന്നു തങ്ങിയത്. രാത്രി മറ്റു തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു പടത്തിനു പോകാമെന്ന് കരുതി. ആയിഷയെ പറ്റി കുറച്ച് നല്ല റിവ്യൂ കണ്ടിരുന്നു. എന്നിട്ടും വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്. കാരണം മഞ്ജു വാര്യരുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍, പിന്നെ ഈ പടത്തിലെ തന്നെ ഒരു ഗാനരംഗം.
എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജ്വലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു. നിലമ്പൂര്‍ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാന്‍ കഴിയും. അറബ് / കേരളീയ ജീവിത പശ്ചാത്തലവും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും എത്ര മനോഹരമായി ഈ ചിത്രം കാണിച്ചു തരുന്നു.
ആയിഷയെ പോലെ ഗദ്ദാമയായി എത്തി അറബ് കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ ചിലരെ അടുത്തറിയാവുന്നത് കൊണ്ട് കഥയില്‍ ഒട്ടും അതിഭാവുകത്വം തോന്നിയതുമില്ല. മാമയായി അഭിനയിച്ച മോണ എന്ന നടിയുടെ പെര്‍ഫോമന്‍സ് അപാരം എന്നേ പറയാനുള്ളൂ. അവസരം കിട്ടിയപ്പോള്‍ മഞ്ജുവും തകര്‍ത്ത് അഭിനയിച്ചു. നേരത്തെ പറഞ്ഞ ഗാനം പടത്തില്‍ വന്നപ്പോള്‍ അത്ര അരോചകമായി തോന്നിയതുമില്ല.
കാണേണ്ട പടങ്ങളുടെ കൂട്ടത്തില്‍ ആയിഷ കൂടെ നിര്‍ദേശിക്കുന്നു.
Nb: ഒന്നാം ലോക കേരളസഭയില്‍ നിലമ്പൂര്‍ ആയിഷയുടെ അടുത്താണ് എനിക്ക് സീറ്റ് ലഭിച്ചത്. ആ വിപ്ലവ നായികയുടെ അടുത്ത് ഇരിക്കാനും സംസാരിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഇത്തരത്തില്‍ ഒരു ആദരം ഒരുക്കിയ ആയിഷയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍,’ ബെന്യാമിന്‍ കുറിച്ചു.
നവാഗതനായ ആമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ ജനുവരി 20നാണ് തിയേറ്ററുകളിലെത്തിയത്. നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Highlight: Writer Benjamin praises Ayesha movie