കോഴിക്കോട്: ലൈംഗികാരോപണവിധേയനായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അറസ്റ്റ് ചെയ്യില്ലെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.
അശോകന്‍ ചരുവില്‍
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്നയാളാണെന്നും സ്ത്രീകളെ ഒറ്റക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം എക്കാലത്തും പുലര്‍ത്തിപ്പോന്ന യുദ്ധതന്ത്രമാണെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
ഈ രണ്ട് കാരണങ്ങളാലാണ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എം.പി.യെ അറസ്റ്റു ചെയ്യാന്‍ ബി.ജെ.പി.സര്‍ക്കാരിന് കഴിയില്ല. ഒന്നാമത്തെ കാര്യം അയാള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്നയാളാണ്.
രണ്ട്: ബലാത്സംഗം. സ്ത്രീകളെ ഒറ്റക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം എക്കാലത്തും പുലര്‍ത്തിപ്പോന്ന യുദ്ധതന്ത്രമാണ്. ഗുജറാത്തില്‍ 2002ല്‍ ബി.ജെ.പി. അത് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതുമാണ്.
അപമാനിക്കപ്പെട്ട പെണ്‍കുട്ടികള്‍; രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിഞ്ഞോട്ടെ. അവര്‍ ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്താലും ബി.ജെ.പിക്ക് പ്രശ്‌നമല്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടു കിട്ടാനുള്ള രാമക്ഷേത്ര നിര്‍മാണം നടക്കുന്നുണ്ട്. പാര്‍ലിമെന്റിനേയും ക്ഷേത്രമാക്കിയിട്ടുണ്ട്. പോരെങ്കില്‍ 2024 ആകുമ്പോഴേക്കും ഒരു പുല്‍വാമ; രണ്ട് വര്‍ഗീയ കലാപം; ഒരു യുദ്ധഭീതി; ഇതൊക്കെ വരാനുണ്ട്.
വിശ്വാസികളായ അമ്മമാര്‍; പെണ്‍കുഞ്ഞുങ്ങളുള്ളവരടക്കം ബ്രിജ്ഭൂഷന്മാര്‍ക്ക് വോട്ടു ചെയ്യും. മതിയല്ലോ,’ അശോകന്‍ ചെരുവില്‍ പറഞ്ഞു.
അതേസമയം, ലൈംഗികാരോപണ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് ഗൂസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജറംഗ് പൂനിയ തുടങ്ങിയവര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. തങ്ങളുടെ അന്താരാഷ്ട്ര മെഡലുകള്‍ ഉള്‍പ്പെടെ എല്ലാ നേട്ടങ്ങളും ഗംഗാ നദിയില്‍ ഒഴുക്കി പ്രതിഷേധിക്കാന്‍ താരങ്ങള്‍ ശ്രമിച്ചിരുന്നു.
ഒരു മാസമായി സമരം ചെയ്തിട്ടും നീതി നിഷേധം തുടര്‍ന്നപ്പോഴാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
Content Highlight: Writer Asokan Charuvil says central government will never arrest sex-charged BJP MP and wrestling federation president Brij Bhushan Sharan Singh