|

അംഗനവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കില്ലെന്ന കേന്ദ്ര നിലപാട് ഗുജറാത്ത് ഹൈക്കോടതി വിധിക്ക് വിരുദ്ധം: അശോകന്‍ ചെരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അംഗനവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കുകയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍.

അംഗനവാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി അംഗീകരിക്കില്ലെന്നും അപ്പീല്‍ പോകുമെന്നുമാണ് കേന്ദ്രം പറയുന്നതെന്ന് അശോകന്‍ ചെരുവില്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടുന്ന അംഗനവാടി ജീവനക്കാര്‍ രാജ്യത്തെ വലിയൊരു തൊഴില്‍ മേഖലയാണ്. കുഞ്ഞുങ്ങളുടെയും മുലയൂട്ടുന്ന അമ്മമാരുടേയും ഗര്‍ഭിണികളുടേയും ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ സേവനമാണ് അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അശോകന്‍ ചെരുവില്‍ കുറിച്ചു.

ആശാവര്‍ക്കര്‍മാരും അംഗനവാടി ജീവനക്കാരും മാത്രമല്ല, മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും കേന്ദ്രത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലും ‘തൊഴിലാളി’യെ ഇല്ലാതാക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ യാത്ര ചെയ്യുന്ന റെയില്‍വേ അതിന്റെ മുഖ്യ ഉദാഹരണമാണെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി. അവിടെ കഠിനമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന തൂപ്പുജോലിക്കാരും പാചകക്കാരും കോച്ച് അറ്റന്റര്‍മാരും എന്തിന് ടെക്നീഷ്യന്മാര്‍ പോലും സ്ഥിരം തൊഴിലാളികളല്ല.

ഒരു ഭാഗത്ത് തൊഴില്‍നിയമങ്ങള്‍ തൊഴിലാളിക്കെതിരായി അട്ടിമറിക്കുമ്പോള്‍ മറുഭാഗത്ത് തൊഴിലാളി എന്ന മഹത്തായ ജീവിതാവസ്ഥയെ തന്നെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യം പിന്തുടരുന്ന സാമ്പത്തികനയത്തിന്റെ ഭാഗമാണിത്. മുതലാളിത്തം അഥവാ അതിന്റെ പുതിയ രൂപമായ ധനമൂലധനവാഴ്ച സാമാന്യജനതക്കുമേല്‍ ചരിത്രത്തിലെങ്ങുമില്ലാത്ത കൊടുംചൂഷണത്തിനൊരുങ്ങുകയാണ്. അവിടെ മാനവികതയുടെ ഭാഗമായ തൊഴില്‍നിയമങ്ങള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ട് തൊഴിലാളിയും ഇല്ല. പലപേരില്‍ അറിയപ്പെടുന്ന കുറെ അടിമകളെയാണ് അവര്‍ക്കാവശ്യം,’ അശോകന്‍ ചെരുവില്‍ പറഞ്ഞു.

അധ്വാനത്തിന്റെ പ്രതിഫലമായി ആത്മാഭിമാനത്തോടെ സംഘടിതമായി വിലപേശി (സമരംചെയ്ത്) വാങ്ങുന്ന കൂലി (ശമ്പളം) എന്ന അന്തസിന് അവിടെ സാധ്യതയില്ല. ഹോണറോറിയം പോലുള്ള ഭിക്ഷകളാണ് ഇനി സാര്‍വത്രികമാകാന്‍ പോകുന്നത്.

ഈയൊരു സാമ്പത്തിക നീക്കത്തിന്റെ തുടക്കം മുതലേയുള്ള ആരാധകരും വക്താക്കളുമാണ് കേരളത്തിലെ വലതുപക്ഷമാധ്യമങ്ങളും മറ്റു വലതുവിദഗ്ദരുമെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി.

നിരന്തരമായി ഇത്തരം ചൂഷണത്തിന് വിധേയരാവുന്ന സാമാന്യജനത സ്വാഭാവികമായും പ്രതികരിക്കാന്‍ സാധ്യതയുണ്ടല്ലോ? അവരുടെ പ്രതികരണത്തില്‍ നിന്നും ധനമൂലധനവാഴ്ചയേയും അതിന്റെ കിങ്കരനായി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനേയും രക്ഷിക്കാനുള്ള മുന്‍കൂര്‍ ശ്രമങ്ങളാണ് അതിവിദഗ്ദമായി രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നിങ്ങളുടെ ശത്രു കേന്ദ്രസര്‍ക്കാരല്ല, ഇതര മതസ്ഥരാണ്/നിങ്ങള്‍ പ്രവര്‍ത്തിയെടുക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്തും അവിടത്തെ ഭരണസമിതിയുമാണ് അല്ലെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ് എന്നിങ്ങനെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തെ വഴിതിരിച്ചുവിട്ട് നിര്‍വീര്യമാക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും അശോകന്‍ ചെരുവില്‍ കൂട്ടിച്ചേര്‍ത്തു.

വിലക്കെടുക്കപ്പെട്ട മാധ്യമങ്ങളുടെ കാര്‍മികത്വത്തില്‍ ആ പ്രവര്‍ത്തനം സജീവമായി മുന്നേറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നാളെ റെയില്‍വേ ശുചീകരണതൊഴിലാളികളും സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് സമരത്തിനെത്തിയേക്കാമെന്നും അശോകന്‍ ചെരുവില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Writer Ashokan Cheruvil opposes central government’s stance on not making Anganwadi workers permanent workers

Latest Stories