ഇത് അശോകസ്തംഭമല്ല, ഗോഡ്‌സേയെ ഓര്‍മ വരുന്നു; വിമര്‍ശനവുമായി അശോകന്‍ ചെരുവില്‍
Kerala News
ഇത് അശോകസ്തംഭമല്ല, ഗോഡ്‌സേയെ ഓര്‍മ വരുന്നു; വിമര്‍ശനവുമായി അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 8:01 am

തൃശ്ശൂര്‍: ദില്ലിയില്‍ നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍.

‘ഇത് അശോകസ്തംഭമല്ല.
നഥുറാം വിനായക് ഗോഡ്‌സേയെയാണ് ഓര്‍മ വരുന്നത്.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത്. 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിര്‍മിച്ചത്.

100 കലാകാരന്മാരാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. അനാച്ഛാദനത്തോടനുബന്ധിച്ചു നടന്ന പൂജാകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 33 മീറ്റര്‍ ഉയരത്തിലാണ് സ്തംഭം. 6500 കിലോഗ്രാം വരുന്ന ഉരുക്കു ചട്ടക്കൂടും ഇതിനുണ്ട്. 9 മാസം കൊണ്ടാണ് നിര്‍മിച്ചത്. അഹമ്മദാബാദ് എച്ച്.സി.പിയാണ് ആദ്യ ഡിസൈന്‍ ചെയ്തത്.

അതേസമയം അനാച്ഛാദന ചടങ്ങിന് പിന്നാലെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി അനാച്ഛാദനം നിര്‍വഹിച്ചതും ഭരണഘടനാ സ്ഥാപനത്തില്‍ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കുമുള്ള അവകാശം ഭരണഘടന നല്‍കുമ്പോഴാണ് പ്രധാനമന്ത്രി അവിടെ പൂജ നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.

അശോകസ്തംഭത്തിന്റെ അനാഛാദനചടങ്ങില്‍ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി. ചടങ്ങില്‍ നിന്നും പ്രതിപക്ഷത്തെ മുഴുവന്‍ മാറ്റിനിര്‍ത്തിയ ബി.ജെ.പിയുടെ ഇടുങ്ങിയ ചിന്താഗതി വ്യക്തമാണ്. അശോകസ്തംഭത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Writer Ashoka Cheruvil criticized the Ashoka sthamb unveiled by the Prime Minister