| Monday, 7th January 2019, 6:19 pm

'സാമ്പത്തിക സംവരണം' സംവരണമെന്ന ആശയത്തിന്റെ തന്നെ അന്തസത്തയെ തകര്‍ക്കുന്നതാണ്: അശോകന്‍ ചരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എട്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ബി.ജെ.പി. ഈയൊരു നടപടിയിലൂടെ രക്ഷപ്പെടാനുള്ള പുതിയൊരു പഴുത് അന്വേഷിക്കുകയാണെന്നും അശോകന്‍ ചരുവില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഭരണഘടനാ ഭേദഗതി ആവശ്യമുള്ള ഈ നീക്കം ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ലിമെന്റില്‍ വിജയിക്കുകയില്ല എന്ന് ബി.ജെ.പിക്ക് അറിയാത്തത് കൊണ്ടല്ല. പരാജയപ്പെട്ടാലും തങ്ങളുടെ ഉറച്ച പിന്‍ബലമായ സംവരണവിരുദ്ധരെ സംതൃപ്തിപ്പെടുത്തി കൂടെ നിര്‍ത്താന്‍ ഇതുകൊണ്ട് കഴിയും എന്നാണ് ബി.ജെ.പി കരുതുന്നതെന്നും അശോകന്‍ ചരുവില്‍ പറയുന്നു.

“ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തിലെന്ന പോലെ സംവരണനിയമങ്ങളില്‍ തിരുത്തല്‍ നടത്താനും ഒരുനിലക്കും യോഗ്യതയില്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ബി.ജെ.പി. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കുള്ള സംവരണം അവസാനിപ്പിക്കുക എന്നത് 1930കള്‍ മുതല്‍ക്കു തന്നെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അജണ്ടയാണ്.

ബി.ജെ.പി.യുടെ നേതൃത്വത്തില്‍ സംവരണ കാര്യത്തില്‍ ഒരു ഭരണഘടന ഭേദഗതി ഉണ്ടായാല്‍ അത് ഫലത്തില്‍ സംവരണം എന്ന സാമൂഹ്യനീതിയുടെ അന്ത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അധസ്ഥിത ജനവിഭാഗങ്ങളെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണിത്.” അശോകന്‍ ചരുവില്‍ പറയുന്നു.

പത്തുശതമാനം സാമ്പത്തിക സംവരണം മുന്നാക്കജാതിക്കാര്‍ക്കു മാത്രമായി മാറ്റിവെക്കുന്നു എന്ന അപകടവും ഇതിലുണ്ട്. പിന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് ഈ സംവരണം ലഭിക്കാനിടയില്ല എന്നത് വലിയ സാമൂഹ്യ അനീതിയാണ്. സാമൂഹികമായ പിന്നാക്കാവസ്ഥയും സാമ്പത്തിക പിന്നാക്കാവസ്ഥയും (ഇരട്ട ബാധ്യത) ഒന്നിച്ച് അനുഭവിക്കുന്നവരാണ് അവര്‍.

ഏറ്റവും പ്രധാനപ്പെട്ട സംഗതി സാമ്പത്തിക സംവരണം എന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണം എന്ന സംജ്ഞയുടെ അന്തസത്തയുടെ ലംഘനമാണ് എന്നതാണ്.

വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലുമുള്ള സംവരണം (നൂറ്റാണ്ടുകളോളം പുറത്തുനിന്ന) അധസ്ഥിത ജനതക്ക് അധികാരത്തില്‍ പങ്കു നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. അധികാരപ്രക്രിയയില്‍ അധസ്ഥിതര്‍ക്ക് ക്രമമായ പങ്കാളിത്തം ഉണ്ടാകുന്നത് (അവരുടെ സ്വകാര്യ നേട്ടത്തിനു മാത്രമല്ല) രാജ്യത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. വികസന പ്രക്രിയയില്‍ അനുഭവങ്ങളുടെ സാന്നിദ്ധ്യമാണ് അതുകൊണ്ടുണ്ടാവുന്നത്.

അതേ സമയം സാമ്പത്തിക പിന്നാക്കാവസ്ഥ എന്നത് മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അത്യന്തം ഗുരുതരമായ ജീവന്‍പ്രശ്നമാണ്. സംവരണമല്ല അതിനു പരിഹാരം. രാജ്യത്തെ നിയമനിര്‍മ്മാണങ്ങളും വികസന ക്ഷേമ പരിപാടികളും സഹായങ്ങളും സൗജന്യങ്ങളും സമ്പ്സീഡികളും ഉണ്ടാക്കുന്നത് ദരിദ്രനെ മുന്നില്‍ക്കണ്ടാവണം.

ഭരിദ്രനെ മുന്നാക്ക ജാതിക്കാരന്‍ പിന്നാക്ക ജാതിക്കാരന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. അശോകന്‍ ചരുവില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more