ശിശു സമിതി അധ്യക്ഷസ്ഥാനത്ത് മുഖ്യമന്ത്രി ഇരിക്കണോ; മാനുഷിക മൂല്യങ്ങള്‍ക്ക് മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്തെന്ന് ആസാദ് മലയാറ്റില്‍
Kerala News
ശിശു സമിതി അധ്യക്ഷസ്ഥാനത്ത് മുഖ്യമന്ത്രി ഇരിക്കണോ; മാനുഷിക മൂല്യങ്ങള്‍ക്ക് മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്തെന്ന് ആസാദ് മലയാറ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st November 2021, 6:16 pm

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശു സമിതി അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഴുത്തുകാരന്‍ ആസാദ് മലയാറ്റില്‍.

കുട്ടിക്കടത്തു പോലെയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ വിഷയം ശിശുക്ഷേമ സമിതിയിലോ സി. ഡബ്ലിയു സിയിലോ ഒതുങ്ങി നില്‍ക്കില്ലെന്ന് ആസാദ് മലയാറ്റില്‍ പറഞ്ഞു. ‘കുട്ടിക്കടത്തു സമിതി’യുടെ(ശിശു ക്ഷേമ സമിതി) അധ്യക്ഷസ്ഥാനത്ത് മുഖ്യമന്ത്രി ഇരിക്കണോ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമര്‍ശിച്ചു.

സമിതികള്‍ പിരിച്ചുവിട്ട് അന്വേഷണം നടത്തി പരിഹരിക്കാവുന്ന ഒരു വിഷയം സര്‍ക്കാറിനെത്തനെ വീഴ്ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്.

അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ കൂര്‍ത്തുവരുന്നത് കാണാതിരിക്കാനാവില്ല. അനുപമ അജിത്തുമാരുടെ സമരം പത്ത് ദിവസം പിന്നിടുമ്പോള്‍ സമരത്തെപ്പറ്റി പറഞ്ഞു പൊലിപ്പിച്ച കഥകളെല്ലാം പിന്മാറുകയാണ്. കുട്ടിക്കടത്താണ് നടന്നത് എന്നു തെളിഞ്ഞു വന്നു. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഇന്നലെയും ശിശുക്ഷേമ സമിതിക്കു കഴിഞ്ഞില്ല.

കുഞ്ഞിനെ കിട്ടുന്നത് എങ്ങനെ വൈകിക്കാമെന്ന പ്രതികാര ബുദ്ധിയുടെ പ്രകടനത്തിന് കുറവുമുണ്ടായില്ല. ഈ പോക്ക് ഏറ്റവുമധികം അപകടമാവുക മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കാറ്റുകള്‍ കൂടു പൊളിച്ചു തുടങ്ങിയിട്ടുണ്ട്. മൗനം പൂണ്ടിരുന്നവര്‍ മിണ്ടിത്തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പുതുശബ്ദങ്ങള്‍ വന്നു തുടങ്ങി. ഇന്ത്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍ നിന്ന് കുട്ടിക്കടത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

ഇനി ഒന്നും അത്ര എളുപ്പം മായ്ക്കാനാവില്ല. കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവില്ല.
കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും അറിയാന്‍ പോകുന്നേയുള്ളു. ഞാന്‍ഒന്നും അറിഞ്ഞില്ല എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദത്ത് വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരേ ക്രമിനല്‍ കേസെടുക്കണമെന്ന് പരാതിക്കാരി അനുപമ പറഞ്ഞിരുന്നു.

ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെതിരെ എന്തുകൊണ്ട് ക്രമിനല്‍ കേസെടുക്കുന്നില്ല? അവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയ്ക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന് അനുപമ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Writer Asad Malayattil against Chief Minister Pinarayi Vijayan