| Monday, 24th January 2022, 9:47 pm

റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്, ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടാ: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. റെയിലെനെതിരായ കവിതയെഴുതിയതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തില്‍ വിയോജിപ്പുമായി സുനില്‍ പി. ഇളയിടം. റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദനരീതിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിഷയത്തിലെ തന്റെ വിയോജിപ്പ് അദ്ദേഹം വ്യക്തമാക്കുന്നത്.

‘കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടാ,’ സുനില്‍ പി. ഇളയിടം എഴുതി.

ഇടതുപക്ഷത്തെ തലോടി നിയമനം നേടിയവരില്‍ സുനില്‍ പി ഇളയിടവും, പിന്‍വാതില്‍ കത്തുന്നു – NavaKerala News

കെ റെയിലിനെ വിമര്‍ശിച്ച് കവിത എഴുതിയതിന് പിന്നാലെ റഫീഖ് അഹമ്മദിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു സി.പി.ഐ.എം സൈബര്‍ സ്‌പേസുകളില്‍ നിന്നും ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ നിരവധി സാംസ്‌കാരിക പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ തന്നെ ഭയപ്പെടുത്തില്ലെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി.പി.ഐ.എം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണത്തിന് കാരണമായ റഫീഖ് അഹമ്മദിന്റെ കവിത

ഹേ…കേ…
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന്‍ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രമിക്കുന്ന
മുല്ലപ്പെരിയാര്‍ ജലബോംബ് പിന്നിട്ട്
ദുര്‍ഗന്ധമാലിന്യ കേദാരമായ്ത്തീര്‍ന്ന
നല്ല നഗരത്തെരുവുകള്‍ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോല്‍ക്കര്‍ഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകള്‍ പിന്നിട്ട്
കുട്ടികള്‍ നിത്യം മരിയ്ക്കും വനവാസി
യൂരുകള്‍ തന്‍ ശപ്ത നേത്രങ്ങള്‍ പിന്നിട്ട്
മൂത്രമൊഴിക്കുവാന്‍ മുട്ടും വഴിയോര കാത്തിരിപ്പിന്‍ കൊച്ചു കേന്ദ്രങ്ങള്‍ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സര്‍വേ
ക്കല്ലുകള്‍, പദ്ധതിക്കല്ലുകള്‍ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാന്‍
ഹേ ..
കേ ..?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Writer and orator Sunil P Elayidom against cyber attack against writer Rafeeq Ahammed

We use cookies to give you the best possible experience. Learn more