റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്, ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടാ: സുനില്‍ പി. ഇളയിടം
കോഴിക്കോട്: കെ. റെയിലെനെതിരായ കവിതയെഴുതിയതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തില്‍ വിയോജിപ്പുമായി സുനില്‍ പി. ഇളയിടം. റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദനരീതിയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിഷയത്തിലെ തന്റെ വിയോജിപ്പ് അദ്ദേഹം വ്യക്തമാക്കുന്നത്.
‘കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടാ,’ സുനില്‍ പി. ഇളയിടം എഴുതി.
കെ റെയിലിനെ വിമര്‍ശിച്ച് കവിത എഴുതിയതിന് പിന്നാലെ റഫീഖ് അഹമ്മദിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു സി.പി.ഐ.എം സൈബര്‍ സ്‌പേസുകളില്‍ നിന്നും ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ നിരവധി സാംസ്‌കാരിക പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ തന്നെ ഭയപ്പെടുത്തില്ലെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി.പി.ഐ.എം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.