കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് മാപ്പിള ഖലാസിമാരെ കുറിച്ച് ഒരേ ദിവസം രണ്ട് സിനിമകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി എ ശ്രീകുമാറും ഫ്‌ളവേഴ്‌സ് ടി.വി പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജുമാണ് രണ്ട് വ്യത്യസ്ത സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിച്ചത്.
എന്നാല്‍ ഖലാസികളെ കുറിച്ചുള്ള കഥ താന്‍ തിരക്കഥയാക്കിയതാണെന്നും ഈ ചിത്രങ്ങളുടെ ആശയം തന്റെതാണെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരനും നടനുമായ രഘു ചാലിയാര്‍.
ശ്രീകുമാറും , മിഥിലാജും മുമ്പ് തന്നോട് ഇതേ സിനിമയെ കുറിച്ചും പ്രമേയത്തെ കുറിച്ചും സംസാരിച്ചിരുന്നെന്നും രഘു പറയുന്നു. ഇതില്‍ ശ്രീകുമാര്‍ മേനോന്‍ താന്‍ മുന്നോട്ട് വെച്ച് വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് സമ്മതിച്ചിരുന്നതായും രഘു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മുമ്പ് രണ്ടുവര്‍ഷം ഖലാസിയായി പണിയെടുത്ത പരിചയം വെച്ചാണ് ഈ തിരക്കഥ എഴുതിയതെന്നാണ് രഘു പറയുന്നത്. കോഴിക്കോട്ടെ മില്ലേനിയം മീഡിയ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സംവിധായകന്‍ കൂടിയായ വിനീഷ് മില്ലേനിയം ഈ ചിത്രം ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും വലിയ ക്യാന്‍വാസ് ആവശ്യമായതിനാല്‍ അത്രയും ചെലവിനുള്ള നിര്‍മാതാക്കളെ കിട്ടാതെ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
മമ്മൂട്ടിയെ നായകനായി ഒരുക്കാനായിരുന്നു തന്റെ താല്‍പ്പര്യം, ഇതിനായി താന്‍ സ്‌കെച്ചുകള്‍ തയ്യാറാക്കിയിരുന്നെന്നും രഘു ചാലിയാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
തുടര്‍ന്ന് പുതിയ സിനിമകള്‍ക്കായി വിഷയം ക്ഷണിച്ചു കൊണ്ടുള്ള വി.എ ശ്രീകുമാറിന്റെ പരസ്യം കാണുകയും ഇതിലേക്ക് തന്റെ കഥയുടെ രൂപ രേഖ അയക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വി.എ ശ്രീകുമാറിന്റെ എര്‍ത്ത് & എയര്‍ കമ്പനി തന്നെ നേരിട്ട് കാണാന്‍ ക്ഷണിക്കുകയും ഇതിനെ തുടര്‍ന്ന് ശ്രീകുമാറുമായി കൂടിക്കാഴ്ച നടത്തിയതായും രഘു പറയുന്നു. 2019 ഒക്ടോബര്‍ 25നായിരുന്നു ഇത്. നേരിട്ട് കാണണം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ശ്രീകുമാറിന്റെ ഓഫീസില്‍ പോയി എന്നാല്‍ അദ്ദേഹത്തിന് വരാന്‍ കഴിയാത്തത് മൂലം വീഡിയോ കോള്‍ വഴിയായിരുന്നു സംസാരമെന്നും രഘു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കടലുണ്ടി ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ടാണ് താന്‍ സിനിമ എഴുതിയത്. എന്നാല്‍ ഇത് കൊങ്കണ്‍ റെയിലുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാമെന്നും ശ്രീകുമാര്‍ പറഞ്ഞതായി രഘു പറഞ്ഞു. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് താന്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും രഘു ഡൂള്‍ന്യൂസിനോട് പറഞ്ഞു. തന്റെ തിരക്കഥയിലുള്ള പകുതിയും അദ്ദേഹത്തിന്റെ സംഭാവനയും ചേര്‍ത്ത് പുതിയൊരു തിരക്കഥയാക്കി ചെയ്യാമെന്നായിരുന്നു അന്ന് ശ്രീകുമാര്‍ പറഞ്ഞതെന്നും രഘു പറഞ്ഞു.
ഇതിന് ശേഷം താന്‍ ആന്റോ ജോസഫ്, സോഹന്‍ലാല്‍, വിനോദ് കൈതാരം, രാജീവ് രവി, ആഷിഖ് അബു തുടങ്ങി നിരവധി പേര്‍ക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തിന് വലിയ ക്യാന്‍വാസ് ആവശ്യമായതിനാലുള്ള ബുദ്ധിമുട്ട് ഇവര്‍ അറിയിക്കുകയായിരുന്നെന്നും രഘു പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്റെ സ്‌ക്രിപ്റ്റിനെ കുറിച്ച് അറിഞ്ഞ മിഥിലാജ് നേരിട്ട് വിളിക്കുകയും കടലുണ്ടി ട്രെയിനപകടത്തെക്കുറിച്ച് സിനിമ ചെയ്യുകയാണ്, കൂടെ നില്‍ക്കണം എന്നു പറയുകയും ചെയ്തത്. എന്നാല്‍ താന്‍ അത് തിരക്കഥരൂപത്തില്‍ പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ടെന്ന് പറഞ്ഞതോടെ ഫോണ്‍ വെയ്ക്കുകയായിരുന്നു – രഘു പറഞ്ഞു.
ഈ രണ്ട് സംവിധായകരും ചെയ്യുന്ന സിനിമകള്‍ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയാണെന്ന് സംശയമുണ്ടെന്നും ഇതിനാല്‍ ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയാണെന്നും രഘു വ്യക്തമാക്കി. നിലവില്‍ നായാടി എന്ന പേരില്‍ എടക്കാട് ബറ്റാലിയന്‍ സംവിധായകന്‍ സ്വപ്‌നേഷ് നായര്‍ ചെയ്യുന്ന ക്രൈം തില്ലര്‍ സിനിമയുടെ രചനയിലാണ് രഘു.
ഗോകുലം ഗോപാലനാണ് മിഥിലാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപാണ് ചിത്രത്തിലെ നായകന്‍. ഇത് ഒരു കെട്ടുകഥയല്ല ‘കെട്ടിന്റെ കഥയാണ്’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്.
മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് വി.എ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമെന്നാണ് വി.എ ശ്രീകുമാര്‍ അറിയിച്ചത്.
എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.
ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ദല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുമെന്നും വി.എ ശ്രീകുമാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികള്‍. തുറമുഖങ്ങളിലും കപ്പല്‍ നിര്‍മ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അറബിയിലുള്ള പദമാണ് ഖലാസി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ContentHighlights:Writer against V A shrikumar menon and dileep movie director midhilaj khalasi movie