| Wednesday, 14th December 2022, 5:38 pm

സഭക്കും മുകളിലാകുന്ന യു.ജി.സി; ഒരു സംഘി അജണ്ട

അജിത് ഇ.എ

ചര്‍ച്ചയുടെ പോക്ക് ആവഴിക്കാണ്. സംസ്ഥാന നിയമസഭകള്‍ നിര്‍മിച്ച നിയമങ്ങളേക്കാള്‍ മുകളിലാണത്രെ യു.ജി.സി വ്യവസ്ഥകള്‍! അതെങ്ങനെ ശരിയാകും?

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്ത് ആകെ രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പൊതുനിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം നല്‍കിയിട്ടുള്ളത്. ഒന്ന് യൂണിയന്‍ പാര്‍മെന്റിന്, രണ്ട് സംസ്ഥാന നിയമസഭകള്‍ക്ക്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള 97 വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നിയമങ്ങള്‍ നിര്‍മിക്കാം. സംസ്ഥാന ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള 66 വിഷയങ്ങളില്‍ സംസ്ഥാന നിയമസഭകള്‍ക്ക് നിയമം നിര്‍മിക്കാം. ഇതുകൂടാതെ കണ്‍കറന്റ് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള 47 വിഷയങ്ങളില്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമം നിര്‍മിക്കാം.

കണ്‍കറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം എന്ന വിഷയം വരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭകള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനും ഈ വിഷയത്തില്‍ നിയമങ്ങള്‍ നിര്‍മിക്കാം. ഇത്തരത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും നിര്‍മിച്ച നിയമങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലോ? അതിനും പരിഹാരം ഭരണഘടനാ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 254 ആണ് കണ്‍കറന്റ് ലിസ്റ്റിലെ ഒരു വിഷയത്തില്‍ ഒരു സംസ്ഥാന നിയമവും കേന്ദ്ര നിയമവും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ ഏതാണ് നിലനില്‍ക്കുക എന്ന് പറയുന്നത്. തീര്‍ച്ചയായും കേന്ദ്ര നിയമമാണ് നിലനില്‍ക്കുക.
‘Inconsistency between laws made by Parliament and laws made by the Legislatures of States: (1) If any provision of a law made by the Legislature of a State is repugnant to any provision of a law made by Parliament which Parliament is competent to enact, or to any provision of an existing law with respect to one of the matters enumerated in the Concurrent List, then, subject to the provisions of clause (2), the law made by Parliament, whether passed before or after the law made by the Legislature of such State, or, as the case may be, the existing law, shall prevail and the law made by the Legislature of the State shall, to the extent of the repugnancy, be void’

പക്ഷെ ആ ആര്‍ട്ടിക്കിളില്‍ കേന്ദ്ര നിയമം എന്നത് ഒരു പാര്‍ലമെന്റ് നിര്‍മിക്കുന്ന നിയമമാണ് എന്ന് നിസ്സംശയം വ്യക്തമാക്കുന്നുണ്ട്. അല്ലാതെ യു.ജി.സി റെഗുലേഷന്‍ ഒരു നിയമമല്ല. ഇവിടെ യു.ജി.സി റെഗുലേഷനെയും കേന്ദ്ര നിയമത്തെയും ഒരേ അധികാരമുള്ള ഒന്നായി മനസിലാക്കുന്ന വ്യാഖ്യാനങ്ങളാണ് തെറ്റ്.

രാജ്യത്തെ ആകെ ബാധിക്കുന്ന ഒരു നിയമം പാസാക്കാനുള്ള അധികാരം ഇന്ത്യന്‍ പാര്‍ലമെന്റിന് മാത്രമാണ്. മറ്റൊരു ബോഡിക്കും രാജ്യത്തിന് മൊത്തം ബാധകമാവുന്ന തരത്തില്‍ ഒരു നിയമം പാസാക്കാനുള്ള അധികാരം ഇല്ല, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 ഇങ്ങനെ പറയുന്നു ‘Subject to the provisions of this Constitution, Parliament may make laws for the whole or any part of the territory of India, and the Legislature of a State may make laws for the whole or any part of the State’ ഇങ്ങനെ നോക്കുമ്പോള്‍ യു.ജി.സിക്ക് രാജ്യത്തിന് മൊത്തം ബാധകമാവുന്ന തരത്തില്‍ ഒരു നിയമം നിര്‍മിക്കാന്‍ സാധ്യമല്ല.

യു.ജി.സി നിര്‍മിക്കുന്നത് റെഗുലേഷനുകളാണ്. അത് നിര്‍മിക്കുന്നതോ, കുറച്ച് ഉദ്യോഗസ്ഥരോ, അക്കാദമീഷ്യന്മാരോ ചേര്‍ന്ന്. അവര്‍ക്ക് ഒരു പക്ഷെ അക്കാദമിക കാര്യങ്ങളില്‍ പാണ്ഡിത്യം ഉണ്ടായേക്കാം, പക്ഷെ ഇന്ത്യയെപ്പോലുള്ള ഒരു വൈവിധ്യങ്ങളുടെ രാഷ്ട്രത്തെ കൃത്യമായി മനസിലാക്കാനുള്ള ഒരു പ്രാഗല്‍ഭ്യം ഒന്നും അവര്‍ക്കുണ്ടായിയിരിക്കില്ല. അത് (ഐഡിയലി) ഇന്ത്യയുടെ പാര്‍ലമെന്റിന് മാത്രമാണ് ഉള്ളത്.

അതുകൊണ്ടു തന്നെ യു.ജി.സി റെഗുലേഷനുകള്‍ രാജ്യത്തിന്റെ നിയമം ആവുന്നില്ല. രാജ്യത്ത് മൊത്തം ബാധകമാവുന്ന നിയമങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന ഭരണഘടനാ വ്യവസ്ഥ നിലനിക്കുന്നതുകൊണ്ടാണ് യു.ജി.സി പോലുള്ള സബോര്‍ഡിനേറ്റ് സ്റ്റാറ്റിയൂട്ടറി ബോഡികള്‍ അവ നിര്‍മിക്കുന്ന റെഗുലേഷനുകള്‍ പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിക്കണം എന്ന വ്യവസ്ഥ അവയുടെ തന്നെ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

യു.ജി.സി ആക്റ്റിന്റെ ആര്‍ട്ടിക്കിള്‍ 28 ഇങ്ങനെ പറയുന്നു:
”Every rule and every regulation made under this Act shall be laid, as soon as may be after it is made, before each House of Parliament while it is in session, for a total period of thirty days which may be comprised in one session or in two or more successive sessions, and if, before the expiry of the session immediately following the session, or the successive sessions aforesaid, both Houses agree in making any modification in the rule or regulation or both Houses agree that the rule or regulation should not be made, the rule or regulation shall thereafter have effect only in such modified form or be of no effect, as the case may be; so, however, that any such modification or annulment shall be without prejudice to the validity of anything previously done under that rule or regulation’

യു.ജി.സി നിര്‍മിക്കുന്ന റൂളോ റെഗുലേഷനോ നിയമസാധുത ഉള്ളതാവണമെങ്കില്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പ്രസ്തുത റൂളുകളും റെഗുലേഷനുകളും വെക്കണം എന്നാണ് യു.ജി.സി ആക്ട് ആര്‍ട്ടിക്കിള്‍ 28 പറയുന്നത്.

പക്ഷെ ഇവിടെയും ഒരു ഭരണഘടനാ പ്രശ്‌നം ഉദിക്കുന്നുണ്ട്. ഇങ്ങനെ വെറുതെ പാര്‍ലമെന്റിന് സമര്‍പ്പിക്കുന്ന റൂളുകളും റെഗുലേഷനുകളും ഒരിക്കലും ഒരു നിയമത്തിന്റെ സ്റ്റാറ്റസ് ഉള്ള ഒന്നായി മാറില്ല. രാജ്യത്തിന് മൊത്തം ബാധകമാവുന്ന നിയമവും ആവുന്നില്ല. കാരണം, യു.ജി.സി നിര്‍മിക്കുന്ന റൂളുകളും റെഗുലേഷനുകളും പാര്‍ലമെന്റിന് സമര്‍പ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അല്ലാതെ നിയമനിര്‍മാണത്തിന്റെ പ്രോസസ്സിലൂടെ കടന്നുപോകുന്നില്ല.

രണ്ട് തരത്തിലാണ് പാര്‍ലമെന്റില്‍ ഒരു നിയമം നിര്‍മിക്കാന്‍ സാധിക്കുക. 1) ഗവണ്മെന്റ് ബില്ലായി സമര്‍പ്പിച്ചോ, 2) പ്രൈവറ്റ് ബില്ലായി സമര്‍പ്പിച്ചോ. അത് പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുമ്പോള്‍ മാത്രമാണ് ഒരു കേന്ദ്ര നിയമം ഉണ്ടാവുക.

മേല്‍പ്പറഞ്ഞ യു.ജി.സി റെഗുലേഷനുകള്‍ ഈ രണ്ട് വഴിയിലൂടെയും അല്ല പാര്‍ലമെന്റില്‍ എത്തുന്നത്. അത് കേവലം പാര്‍ലമെന്റിലെ രണ്ട് സഭകളിലും സമര്‍പ്പിക്കല്‍ ചടങ്ങ് മാത്രമാണ്. വേണമെങ്കില്‍ സഭയിലെ അംഗങ്ങള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം എന്ന് മാത്രം.

ഇങ്ങനെ ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങളൊന്നുമില്ലാതെ രാജ്യത്തിന് മൊത്തം ബാധകമാവുന്ന തരത്തില്‍ നിര്‍മിക്കുന്ന യു.ജി.സിയുടെ റെഗുലേഷനുകള്‍ ഒരിക്കലും നിയമത്തിന്റെ സ്റ്റാറ്റസ് ഉള്ളതാവുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭകള്‍ നിര്‍മിച്ച നിയമങ്ങള്‍ക്ക് മുകളിലല്ല ഈ റെഗുലേഷനുകളുടെ സ്ഥാനം.

യു.ജി.സി റെഗുലേഷനുകളെ രാജ്യത്തിന് മൊത്തം ബാധകമാവുന്ന; സംസ്ഥാന നിയമങ്ങള്‍ക്ക് മുകളില്‍ സ്ഥാനമുള്ള നിയമങ്ങളായി വ്യാഖ്യാനിക്കേണ്ടത് ഒരു സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തെ വൈവിധ്യങ്ങളെ പാര്‍ശ്വവത്കരിച്ചുകൊണ്ട്; രാജ്യത്ത് മൊത്തം ബാധകമാവുന്ന നിയമങ്ങള്‍ അവര്‍ക്ക് നിര്‍മിക്കേണ്ടതുണ്ട്. അതും ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനമായ പാര്‍ലമെന്റിനെ കാഴ്ചക്കാരാക്കി നിര്‍ത്തിക്കൊണ്ട്.

പാര്‍ലമെന്റ് ആവുമ്പോ ചര്‍ച്ച ഉണ്ടാവും, വാര്‍ത്ത ഉണ്ടാവും. യു.ജി.സി റെഗുലേഷനുകള്‍ പോലുള്ളവ ആവുമ്പോള്‍ ആരും അറിയില്ല. പിന്നെ എന്തെങ്കിലും ചര്‍ച്ച വന്നാല്‍ തന്നെ യു.ജി.സി ഒരു അക്കാദമിക്ക് സ്ഥാപനം ആണെന്നും, അവ നിര്‍മിക്കുന്ന വ്യവസ്ഥകള്‍ പ്രാഗത്ഭ്യമുള്ളവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നത് ആണെന്നും പറഞ്ഞു തടിയൂരാം. എത്ര മനോഹരം.

Content Highlight: Write up on University Grants Commission and Its Sanghparivar agenda

അജിത് ഇ.എ

ജെ.എന്‍.യുവില്‍ കനേഡിയന്‍ സ്റ്റഡീസില്‍ ഗവേഷകന്‍

We use cookies to give you the best possible experience. Learn more