| Sunday, 30th October 2022, 1:38 pm

'അവര് പഠിച്ചുചെയ്യുന്നത് കൊണ്ട് എവിടെ കൊത്തിയാല്‍ തീരും, എങ്ങനെ കൊത്തിയാല്‍ കിടത്താമെന്നും അറിയാം, നിങ്ങള്‍ തലങ്ങും വിലങ്ങും കൊത്തി ചീത്തപ്പേരുണ്ടാക്കും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍, രഞ്ജിത്ത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകവും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് കൊത്ത് തിയേറ്ററുകളിലെത്തിയത്. ഒക്ടോബര്‍ 28ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുന്നുണ്ട്.

ചിത്രം തുടങ്ങുന്നത് തന്നെ കൊലപാതകത്തിലാണ്. രാഷ്ട്രീയ കൊലപാതകം പ്രധാന  വിഷയമായതിനാല്‍ തന്നെ ഒന്നിലധികം കൊലപാതകങ്ങള്‍ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. കാവി നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പകയും പ്രതികാരവുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഇവര്‍ തമ്മിലുള്ള വിവിധ സംഘട്ടന രംഗങ്ങളും കൊത്തിലുണ്ട്.

എതിര്‍പാര്‍ട്ടിക്കാരുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളിലോ അവരുടെ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് കൂടിയോ ഇവര്‍ക്ക് പോകാനാവില്ല. ജീവന് പോലും അപായമുണ്ടാവാം.

ചിത്രത്തില്‍ റോഷന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസ് സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ കൊത്തിന്റെ(വെട്ടിന്റെ) രീതി കണ്ട് പാര്‍ട്ടി ഏതാണെന്ന് അറിയാന്‍ പറ്റുമോയെന്ന് പൊലീസിനോട് ചോദിക്കുന്നുണ്ട്. ‘അവര് പഠിച്ചുചെയ്യുന്നത് കൊണ്ട് എവിടെ കൊത്തിയാല്‍ തീരും, എങ്ങനെ കൊത്തിയാല്‍ കിടത്താമെന്ന് അറിയാം. നിങ്ങള്‍ തലങ്ങും വിലങ്ങും കൊത്തി ചീത്തപ്പേരുണ്ടാക്കും’ എന്നാണ് പൊലീസ് അവന് നല്‍കുന്ന മറുപടി.

കൂടാതെ ഒരാള്‍ ഇല്ലാതായാല്‍ ഒരു കുടുംബം കൂടിയാണ് ഇല്ലാതാവുന്നത്. ഇതോടെ കൊലപാതകം നടത്തിയവരുടെയും കൊല ചെയ്യപ്പെട്ടവരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കൂടി ചിത്രം കാണിച്ചുതരുന്നുണ്ട്.

മകളുടെ മരുന്നിന് പോലും കാശില്ലാതെ വലയുന്ന, മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന സ്ത്രീകളെ സിനിമയില്‍ കാണാം. മകനെ ഓര്‍ത്ത് നിസഹായയാവുന്ന, അടുത്ത തലമുറയെങ്കിലും നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയെ സിനിമയില്‍ കാണാം. കൊലപാതകത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന്റെ തിക്തഫലങ്ങള്‍ വ്യക്തികളേയും കുടുംബങ്ങളേയും വേട്ടയാടുന്നതും ചിത്രം കാണിച്ചുതരുന്നുണ്ട്. ഒരു ജീവന്റെ നഷ്ടത്തിനുള്ള തിരിച്ചടി മറ്റൊരു ജീവനെടുക്കുന്നതല്ലെന്നും ജീവിച്ചുകാണിക്കുന്നതാണെന്നുമുള്ള സന്ദേശവും കൂടി കൊത്ത് നല്‍കുന്നുണ്ട്.

ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനത്തിനും ഒ.ടി.ടി റിലീസിന് പിന്നാലെ കയ്യടി ഉയരുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും അണ്ടര്‍റേറ്റഡായ പ്രകടനമാണ് കൊത്തിലെ ആസിഫിന്റേതെന്നും ചില കമന്റുകളുണ്ട്. ചെയ്യുന്ന സിനിമകള്‍ കാര്യമായ വിജയം നേടുന്നില്ലെങ്കില്‍ പോലും ആസിഫിലെ നടന് ഒരു കുറവും വന്നിട്ടില്ലെന്നും ഓരോ ചിത്രം കഴിയുമ്പോഴും അയാള്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Content Highlight: write up on two parties in kotthu movie

We use cookies to give you the best possible experience. Learn more