പറഞ്ഞ കഥ വീണ്ടും പറഞ്ഞിട്ടും അറ്റ്‌ലിയുടെ സിനിമ പ്രസക്തമാവുന്നതെങ്ങനെ?
Film News
പറഞ്ഞ കഥ വീണ്ടും പറഞ്ഞിട്ടും അറ്റ്‌ലിയുടെ സിനിമ പ്രസക്തമാവുന്നതെങ്ങനെ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th September 2023, 2:02 pm

അറ്റ്‌ലിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തമിഴില്‍ വിജയ്‌യെ നായകനാക്കി ചെയ്ത മാസ് സിനിമകളുടെ അതേ ഫോര്‍മാറ്റില്‍ തന്നെയാണ് അറ്റ്‌ലി ജവാനും ഒരുക്കിയിരിക്കുന്നത്. ഒപ്പം മുന്‍ സിനിമകളിലെ കഥയോടും പല രംഗങ്ങളോടും ജവാനുള്ള സാമ്യം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു.

പറഞ്ഞ കഥ തന്നെ അറ്റ്‌ലി വീണ്ടും പറഞ്ഞിട്ടും വേണ്ട രീതിയില്‍ അത് വിമര്‍ശന വിധേയമാവുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനൊരു കാരണമേയുള്ളൂ, നിലവിലെ ഇന്ത്യന്‍ സാമൂഹിക സ്ഥിതി.

പറഞ്ഞ കഥ തന്നെ വീണ്ടും പറഞ്ഞിട്ടും പല പൊളിട്ടിക്കല്‍ സ്റ്റേറ്റ്‌മെന്റുകളും ഫോഴ്‌സ്ഡായി തോന്നിയിട്ടും ജവാന്‍ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ്.

ലോണ്‍ തുക അടച്ചുതീര്‍ക്കാനാവാതെ ദരിദ്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും കോടികള്‍ ലോണെടുത്ത വന്‍കിട ബിസിനസുകാര്‍ രാജ്യം വിട്ടുപോവുകയും അവരുടെ കടങ്ങള്‍ എഴുതി തള്ളുകയും ചെയ്യുന്ന ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ ഒരു പ്രതീക്ഷയാണ്. അതിനോടുള്ള ഒരു സാധാരണ പ്രേക്ഷകന്റെ വികാരമാവാം ഷാരൂഖ് പറയുന്ന രോഷം കലര്‍ന്ന ഡയലോഗില്‍ അറ്റ്‌ലി ചേര്‍ത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പാകുമ്പോള്‍ കാശൊഴുകുന്ന ഉത്തരേന്ത്യന്‍ മണ്ണില്‍ നിന്ന് ഷാരൂഖ് ഖാനെ പോലെ ഒരു സൂപ്പര്‍ താരം വോട്ടിനെ പറ്റി സംസാരിക്കുന്നത് വലിയ ഇംപാക്ട് ആവും സൃഷ്ടിക്കുക.

ചിത്രത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ടെങ്കിലും അത് സൗത്തില്‍ മാത്രമാണ്. വിജയ്‌യുടെ കൊമേഴ്‌സ്യല്‍ സിനിമകള്‍ നോര്‍ത്തിലെ സാധാരണ പ്രേക്ഷകര്‍ കാണാനിടയില്ല. തങ്ങളുടെ ആരാധന പാത്രമായ ഷാരൂഖ് മാസ് പരിവേഷത്തില്‍ അവതരിക്കുന്നത് അവര്‍ കോരിത്തരിച്ചിരുന്ന് കണ്ടുകൊള്ളും. നോര്‍ത്തില്‍ ജവാന് ലഭിക്കുന്ന സ്വീകാര്യത അതാണ് തെളിയിക്കുന്നത്.

Content Highlight: Write up on the relevance of Jawan movie