| Tuesday, 13th December 2022, 11:42 am

ആഹ്ലാദം, വിശ്വാസം, ഫലസ്തീന്‍: മൊറോക്കന്‍ ടീം അറബ് ലോകത്തെ ഒന്നിപ്പിച്ചതെങ്ങനെ?

മുസ്തഫ മുഹമ്മദ്

അഭൂതപൂര്‍വ്വമായ നേട്ടങ്ങളോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചേര്‍ന്ന ഈ വടക്കെ ആഫ്രിക്കന്‍ ടീം പ്രതിനിധീകരിക്കുന്നത് ഫുട്‌ബോളിനുമപ്പുറം മറ്റെന്തോ ആണ്.

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്‌പെയിനിനെ പരാജയപ്പെടുത്തിയ മൊറോക്കൊ വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കി.

അങ്ങനെ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി ഈ ‘അറ്റ്‌ലസ് സിംഹങ്ങള്‍’ മാറി. 1990ല്‍ കാമറൂണ്‍, 2002ല്‍ സെനെഗല്‍, 2010ല്‍ ഘാന എന്നിവക്ക് ശേഷം ഈ ഘട്ടത്തിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും മൊറോക്കോ നേടിയിരിക്കുകയാണ്.

പശ്ചിമേഷ്യയില്‍ നടന്ന ആദ്യത്തെ വേള്‍ഡ് കപ്പ് എന്ന നിലയിലായിരിക്കും ഈ ടൂര്‍ണമെന്റ് എക്കാലത്തും അറിയപ്പെടാന്‍ പോകുന്നത്. ഇപ്പോള്‍ മൊറോക്കോയുടെ വിജയത്തോട് കൂടി അതിനപ്പുറത്തുള്ള മറ്റൊരു പ്രത്യേകത കൂടി ഈ ടൂര്‍ണമെന്റിന് വന്നുചേര്‍ന്നിട്ടുണ്ട്. അതായത് ഒരു അറബ് രാജ്യം അത്യപൂര്‍വമായ കായിക നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഈ ടൂര്‍ണമെന്റില്‍ അവസാന എട്ടിലേക്കുള്ള മൊറോക്കോയുടെ പ്രയാണം ഒട്ടും എളുപ്പമായിരുന്നില്ല. അവസാനമായി വേള്‍ഡ് കപ്പില്‍ ഒരു കളി അവര്‍ ജയിച്ചത് 24 വര്‍ഷം മുമ്പാണ്; ഫ്രാന്‍സിലെ സെയ്ന്റ് എറ്റിയെന്നെയില്‍ വെച്ച് നടന്ന മത്സരത്തില്‍ അന്നവര്‍ സ്‌കോട്‌ലാന്‍ഡിനെ 3-0ന് പരാജയപ്പെടുത്തി.

ഇത്തവണ ഫിഫ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ മുകളില്‍ സ്ഥാനം പിടിച്ച രണ്ട് ടീമുകളെ ഇതിനോടകം തന്നെ അവര്‍ തോല്‍പിച്ചു കഴിഞ്ഞു, രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തെയും ഏഴാം സ്ഥാനത്തുള്ള സ്‌പെയ്‌നിനേയും. ഫിഫ റാങ്കിങ്ങില്‍ ഇരുപത്തിരണ്ടാം സ്ഥാനം മാത്രമുള്ള മൊറോക്കോ പന്ത്രണ്ടാം സ്ഥാനത്തിനുടമയായ ക്രൊയേഷ്യയുമായി സമനിലയിലെത്തി. ക്രൊയേഷ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്.

മൊറോക്കോയുടെ മുന്നേറ്റത്തെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍ മേഖലയില്‍ എല്ലായിടത്തും അലയടിക്കുകയാണ്, അഗാദിര്‍ മുതല്‍ അമ്മന്‍ വരെ. അതോടൊപ്പം ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, ലണ്ടന്‍, പാരിസ് എന്നിവിടങ്ങളിലെ വര്‍ണശബളമായ ആഘോഷങ്ങളും.

സൗദി അറേബ്യ അര്‍ജന്റീനക്കെതിരെ നവംബര്‍ 22ന് നേടിയ അപ്രതീക്ഷിത വിജയത്തെ പിന്നാലെയും സമാനമായ ആഘോഷ പരിപാടികള്‍ നടന്നിരുന്നു. അറബ് രാഷ്ട്രങ്ങളെ വളരെക്കാലമായി ഭിന്നിപ്പിലാക്കിയ രാഷ്ട്രീയതര്‍ക്കങ്ങളെ മറികടക്കാന്‍ ഇത്തരം ഒത്തൊരുമക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും കഴിഞ്ഞു.

അതിലേറെ അത്ഭുതകരമായ കാര്യം ദീര്‍ഘകാലമായി വടക്കന്‍ ആഫ്രിക്കയിലുടനീളം കായികരംഗത്ത് നിലനില്‍ക്കുന്ന വാശിയെ പോലും അതിജയിക്കാന്‍ ഈ ഐക്യപ്പെടലുകള്‍ക്ക് സാധിച്ചു എന്നതാണ്.

ഈ ടീമിനോടും അതിന്റെ മാനേജറായ വാലിദ് റെഗ്രാഗ്വിയോടും ആദരവ് തോന്നാന്‍ കളിക്കളത്തില്‍ അവര്‍ നേടിയ വിജയത്തിനുമപ്പുറം ഒരുപാട് കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ മൊറോക്കോയുടെ ഈ നേട്ടം പശ്ചിമേഷ്യയുടെയും അതിനപ്പുറത്തുള്ളവരുടേയും സ്വകാര്യ അഹങ്കാരമായി മാറിയതില്‍ അതിശയിക്കാനില്ല.

                                                                                                                റെഗ്രോഗ്വി

ലോകത്തിന് നല്‍കുന്ന സന്ദേശം

മൊറോക്കോയുടെ പല കളിക്കാരും കളി ജയിച്ചതിന് ശേഷം ഫലസ്തീന്റെ പതാകയേന്തുന്നതായി കാണുന്നുണ്ട്.
സ്റ്റേഡിയത്തിലിരിക്കുന്ന ആരാധകരും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചുകൊണ്ട് ഫലസ്തീന്‍ പതാക ഉയര്‍ത്തിക്കാട്ടുമ്പോള്‍, കളിക്ക് ശേഷം കളിക്കളത്തില്‍ വെച്ചുതന്നെ പ്രതീകാത്മകമായി ഇങ്ങനെ ചെയ്യുന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ആരാധകരോടൊപ്പം തങ്ങളുടെ കരിയറിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുമ്പോള്‍ത്തന്നെ ഫലസ്തീന്റെ പതാക പ്രദര്‍ശിപ്പിക്കുന്നത് വഴി മൊറോക്കന്‍ ടീം ഫലസ്തീന്‍ പ്രശ്‌നത്തെ മേഖലയിലെ ജനഹൃദയങ്ങളിലേക്ക് ഒറ്റയടിക്ക് എത്തിച്ചു.

ഫലസ്തീന്‍ അംബാസിഡറും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നീരീക്ഷകനുമായ റിയാദ് മന്‍സൂര്‍ പറഞ്ഞത് പോലെ, ‘ഈ ലോക കപ്പിലെ വിജയിയെ ഇപ്പോള്‍ തന്നെ നമുക്കറിയാം, അത് ഫലസ്തീന്‍ ആണ്’.

2021ല്‍ ബ്രിട്ടനിലെ കളിക്കാര്‍ സമാനമായ കാര്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡിലെ കളിക്കളത്തില്‍ വെച്ച് പോള്‍ പോഗ്ബയും അമദ് ഡിയല്ലോയും വെംബ്ലിയില്‍ വെച്ച് ഹംസ ചൗധുരിയും വെസ്ലി ഫൊഫാനയും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്.

ഈ വടക്കേ ആഫ്രിക്കന്‍ ടീം കേവല ഫുട്‌ബോളിനുമപ്പുറം വലിയ മറ്റെന്തിനെയോ പ്രതിനിധാനം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. എന്നുമാത്രമല്ല, തങ്ങളുടെ ഈ ബോധ്യങ്ങള്‍ക്കൊപ്പം നിലകൊള്ളാനുള്ള ആര്‍ജവവും അവര്‍ പ്രകടിപ്പിക്കുന്നു. ഇതെല്ലാം മൊറോക്കോയുടെ പുറത്തേക്ക് അവരുടെ യശസ്സുയര്‍ത്തുകയും ജനസമ്മതി വര്‍ധിപ്പിക്കുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്.

ഇതിനെല്ലാം പുറമെ വ്യക്തവും ഹൃദയം തൊട്ടുള്ളതുമായ ഇസ്‌ലാമികാരാധനയുടെ പച്ചയായ പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളുടെ പ്രീതിക്ക് പാത്രമാകാനും ടീമിന് സാധിച്ചു. കളിക്കാര്‍ കളിക്ക് തൊട്ടുമുമ്പ് കൈകള്‍ കൂപ്പിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നത്, ഗോളടിച്ചതിന് ശേഷം കളിക്കളത്തില്‍ മുട്ടുകുത്തി സാഷ്ടാംഗം നമസ്‌കരിച്ചു കൊണ്ട് സൃഷ്ടാവിനോട് നന്ദി പ്രകടിപ്പിച്ച് ആഘോഷിക്കുന്നത്, സ്‌പെയ്‌നിനെതിരെയുള്ള പെനാല്‍ട്ടി ഷൂട്ടൗട്ടിന് തൊട്ടുമുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്തത് എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

വര്‍ഷങ്ങളോളമായി മുസ്‌ലിങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും വിവേചനങ്ങളുടെയും പാശ്ചാത്തലത്തില്‍ (പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും, ഒരു ആഗോള വേദിയില്‍ വെച്ച് വളരെ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഡ്യത്തോടെയും തങ്ങളുടെ വിശ്വാസത്തെയും സ്വത്വത്തെയും കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അവിശ്വസനീയമാം വിധം ഹൃദയ സ്പര്‍ശിയായതും ജനശ്രദ്ധ പിടിച്ചുപറ്റുന്നതുമായ കാര്യമാണ്.

ലോക മുസ്‌ലിം സമൂഹത്തിലെയും അറബ് ലോകത്തെയും ആരാധകര്‍ക്കിടയില്‍ മൊറോക്കന്‍ ടീമിനെ പ്രിയങ്കരമാക്കുന്ന മറ്റൊരു കാര്യം അവരുടെ കുടുംബത്തോടൊപ്പമുള്ള ഹൃദയ സ്പര്‍ശിയായ രംഗങ്ങളാണ്. മൊറോക്കോയുടെ ഫുട്‌ബോള്‍ ഫെഡറേഷന്റെയും കോച്ച് റെഗ്രാഗ്വിയുടെയും നിര്‍ദേശ പ്രകാരം സംഘത്തിന്റെ കുടുംബാംഗങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഖത്തറിലേക്ക് യാത്ര പുറപ്പെട്ടത്. ദോഹയുടെ വെസ്റ്റ് ബെ മേഖലയില്‍ ടീം ബേസിനടുത്ത് തന്നെ അവര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമൊരുക്കി.

സ്റ്റേഡിയത്തില്‍ സുന്ദരികളായ പങ്കാളികളോടൊപ്പമുളള കളിക്കാരുടെ സ്ഥിരം ക്യാമറ ഷോട്ടുകളില്‍ നിന്നും വ്യത്യസ്തമായി അഷ്‌റഫ് ഹാകിമി (Achraf Hakimi) എന്ന മികച്ച കളിക്കാരന്‍ ബെല്‍ജിയം, സ്‌പെയ്ന്‍ എന്നിവര്‍ക്കെതിരെയുള്ള മാച്ചുകള്‍ക്ക് ശേഷം തന്റെ ഉമ്മയെ ആലിംഗനം ചെയ്യുന്ന കണ്‍കുളിര്‍പ്പിക്കുന്ന രംഗങ്ങള്‍ നമ്മള്‍ കാണുകയുണ്ടായി. അതുപോലെത്തന്നെ തന്റെ ഉമ്മയോടൊത്തുള്ള കോച്ച് വാലിദ് റെഗ്രാഗ്വിയുടെ (Walid Regragui) ദൃശ്യങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചു.

ഈ രംഗങ്ങള്‍ ലോക മുസ്‌ലിങ്ങള്‍ക്കിടയിലും അറബ് ലോകത്തും മാറ്റൊലികൊണ്ടു. അതിലപ്പുറം, ഈ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി നടത്തിയ ത്യാഗത്തിന്റെ കഥകള്‍ രാഷ്ട്രത്തിന്റെയും മതത്തിന്റെയും വംശത്തിന്റെയുമെല്ലാം അതിരുകള്‍ ഭേദിക്കുന്നതും ലോകം കണ്ടു.

തന്റെ വിജയത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കിനെ കുറിച്ച് മുമ്പൊരിക്കല്‍ ഹാകിമി പറഞ്ഞത് ഇപ്രകാരമാണ്;

‘എന്റെ ഉമ്മ ഒരു വീട്ടുജോലിക്കാരിയും ഉപ്പ തെരുവ് കച്ചവടക്കാരനുമായിരുന്നു. ഞങ്ങള്‍ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പോലും പ്രയാസപ്പെട്ടിരുന്ന ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ ഓരോ ദിവസവും ഞാനവര്‍ക്ക് വേണ്ടി പോരാടുകയാണ്. അവര്‍ എനിക്കുവേണ്ടി സ്വയം ത്യജിച്ചവരാണ്.’

തന്ത്രങ്ങളുടെ മിന്നലാട്ടങ്ങള്‍

കളിക്കളത്തില്‍ ഈ ടീമിനെ ഇഷ്ടപ്പെടാന്‍ കുറെയധികം കാരണങ്ങളുണ്ട്. മറ്റ് ടീമുകളേക്കാള്‍ മികച്ച പ്രതിരോധ നിര അവര്‍ക്കുണ്ട്. ഈ ലോകകപ്പില്‍ ഇതുവരെ ഒരൊറ്റ ഗോള്‍ മാത്രമാണവര്‍ വഴങ്ങിക്കൊടുത്തത്. ഈ ഉജ്വല പ്രതിരോധ നിരക്ക് അനുപൂരകമായി മാറുന്ന ഹാകിമി, ഹകിം സിയെക് തുടങ്ങിയ മികച്ച കളിക്കാരുടെ ബുദ്ധികൂര്‍മതയും എടുത്ത് പറയേണ്ടതാണ്.

മൊറോക്കോ ടീമില്‍ ആകെയുള്ള 26 കളിക്കാരില്‍ 14 പേരും രാജ്യത്തിന് പുറത്ത് ജനിച്ചവരാണ്. ഇപ്പോള്‍ ഖത്തറിലുള്ള എല്ലാ ടീമുകളിലും വെച്ചേറ്റവും ഉയര്‍ന്ന അനുപാതമാണിത്. ഇതവര്‍ക്കൊരു ശക്തിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. അതായത് ഈ ‘അറ്റ്‌ലസ് സിംഹങ്ങള്‍’ അറബ് ഫുട്‌ബോളിന്റെ സര്‍ഗാത്മകതയെയും നൈപുണ്യത്തെയും യൂറോപ്യന്‍ കളികളിലെ തന്ത്രങ്ങളും മത്സരബുദ്ധിയുമായി കോര്‍ത്തിണക്കി. ഇതുവഴി പശ്ചിമേഷ്യന്‍ ആരാധകരുമായി മാത്രമല്ല, യുറോപ്പിലെ പ്രവാസി സമൂഹങ്ങളുമായും തങ്ങളുടെ ബന്ധം ഊട്ടിയുറപ്പിച്ചു.

ഇത് ഒട്ടും ആകസ്മികമായിരുന്നില്ല, മറിച്ച് മികച്ച രൂപകല്‍പനയുടെ ഫലമായി ഉണ്ടാക്കിയെടുത്തതാണ് എന്ന കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 2014ല്‍ മൊറോക്കന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഒരു ക്യാമ്പെയിന് തുടക്കമിട്ടു: ‘പ്രതിഭകളെ സ്വന്തം മണ്ണിലേക്ക് തിരിച്ച് കൊണ്ടുവരിക’ എന്നതായിരുന്നു അത്. നാല് ദശലക്ഷത്തോളം വരുന്ന അതിശക്തരായ പ്രവാസി സമൂഹത്തിലെ വളര്‍ന്നുവരുന്ന പ്രതിഭകളെ ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു നീക്കമായിരുന്നു ഇത്.

ഇത്തരം പരിശ്രമങ്ങള്‍ അതിന്റെ പരിപൂര്‍ണതയിലെത്തുന്ന കാഴ്ചയാണ് ചൊവ്വാഴ്ച രാത്രിയില്‍ നമുക്ക് കാണാനായത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മാഡ്രിഡിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജനിച്ചുവളര്‍ന്ന ഒരു കളിക്കാരന്‍ വളരെ ആത്മവിശ്വാസത്തോടെ ഗോള്‍ പോസ്റ്റിലേക്ക് ദ്രുതഗതിയില്‍ പന്തടിച്ച് കയറ്റി തന്റെ ജന്മനാടിനെ വിജയിപ്പിച്ചു.

റെഗ്രോഗ്വി ഹെഡ് കോച്ചായി സ്ഥാനമേറ്റിട്ട് വെറും 100ാം ദിവസം പിന്നിട്ടതേ ഉള്ളൂ എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടീമിനെ നയിക്കുമ്പോള്‍ അദ്ദേഹം തന്റെ ചരിത്രം സ്വയം നിര്‍മിക്കുകയാണ്. അങ്ങനെ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തെ നയിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ മാനേജറായി അദ്ദേഹം മാറുകയും ചെയ്തു.

തന്ത്രപരമായ ബുദ്ധി വൈഭവം പോലെത്തന്നെയാണ് വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളെ കലാപരമായി കൈകാര്യം ചെയ്യാനുളള അദ്ദേഹത്തിന്റെ കഴിവും. തന്റെ മുന്‍ഗാമിയാല്‍ തഴയപ്പെട്ട സിയെക്‌നെ റെഗ്രോഗ്വി ഉയര്‍ത്തികൊണ്ട് വരികയും സുപ്രധാന നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്തു.

ഒരുപറ്റം കളിക്കാരും അവരുടെ മാനേജറും ഇതിനകം തന്നെ ഇതിഹാസങ്ങളും കായിക ലോകത്തെ ബിംബങ്ങളുമായി സ്വയം അനശ്വരരാക്കിയിട്ടുണ്ട്. അതിലുമപ്പുറത്തായി തങ്ങളുടെ മൂല്യങ്ങളെയും സ്വത്വത്തെയും വളരെ ആത്മവിശ്വാസത്തോടെയും ഗാംഭീര്യത്തോടെയും സധൈര്യം ലോക കളിക്കളത്തില്‍ പ്രദര്‍ശിപ്പിച്ചതിന് അവര്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.

മിഡില്‍ ഈസ്റ്റ് ഐയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Content Highlight: Write up on the performance of team Morocco in the Qatar World Cup

മുസ്തഫ മുഹമ്മദ്

ഈജിപ്തില്‍ നിന്നുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. നിരവധി അറബ്, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു. സാമ്പത്തിക, സ്‌പോര്‍ട്‌സ് മേഖലകളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more