Film News
പ്രേക്ഷകരുടെ ഹൃദയത്തിലാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അഞ്ചാമന്റെ സ്ഥാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 17, 12:08 pm
Friday, 17th November 2023, 5:38 pm

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ചെയ്ത് ചിത്രം ഇപ്പോള്‍ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നടത്തിയ കൊലപാതകത്തിന് ശേഷം നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രതികളെ പിടിക്കാനായി ഇറങ്ങി തിരിക്കുന്ന നാലംഗ കണ്ണൂര്‍ സ്‌ക്വാഡിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

ചിത്രം കണ്ട പ്രേക്ഷകര്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്നാല്‍ നാലല്ല അഞ്ചാണ് എന്ന് പറയും. സ്‌ക്വാഡിലെ അഞ്ചാമന്‍ അവര്‍ സഞ്ചരിക്കുന്ന ടാറ്റാ സുമോയാണ്. ഇമോഷണലി പ്രേക്ഷകര്‍ ആ വണ്ടിയുമായി അത്രത്തോളം കണക്ടാവും.

ചിത്രം തുടങ്ങി ആദ്യരംഗം മുതല്‍ ടാറ്റാ സുമോ സ്‌ക്രീനിലുണ്ട്. ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സ്‌ക്വാഡ് കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോഴും അവര്‍ക്ക് കൂട്ടാവുന്നത് ആ വണ്ടിയാണ്. ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുമ്പോഴും ബാബാഗഞ്ചിലേക്കുള്ള വനത്തിലൂടെയുള്ള ചേസിങ് സീനിലുമെല്ലാം ടാറ്റാ സുമോ നിറഞ്ഞുനിന്നിരുന്നു.

‘ഞാനെപ്പോഴും നിങ്ങളോട് പറയാറില്ലേ, നമ്മുടെ ഈ വണ്ടിയും പൊലീസാണെന്ന്, നമുക്കിവന്‍ മതി’ എന്ന മമ്മൂട്ടിയുടെ ഡയലോഗില്‍ തന്നെ വണ്ടി ഒരു കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ എസ്ടാബ്ലിഷ്ടാവുന്നുണ്ട്. പിന്നീട് ഓരോ രംഗത്തിലും പ്രേക്ഷകരും വണ്ടിയേയും ശ്രദ്ധിക്കാന്‍ തുടങ്ങും. ആക്ഷന്‍ സീക്വന്‍സുകളില്‍ കാറിന്റെ ചില്ല് പൊട്ടുമ്പോഴും പോറലേല്‍ക്കുമ്പോഴും ജീവനുള്ള ഒരാള്‍ക്കാണ് അത് ഏല്‍ക്കുന്നത് എന്ന പോലെ പ്രേക്ഷകര്‍ക്ക് വേദനയുണ്ടാവും.

അസീസ് നെടുമങ്ങാട് അവതരിപ്പിക്കുന്ന ജോസാണ് വണ്ടിയുടെ ഡ്രൈവര്‍. അതിനാല്‍ തന്നെ ക്ലൈമാക്സില്‍ ടാറ്റാ സുമോയെ ജോസ് തിരിഞ്ഞു നോക്കുമ്പോള്‍ അറിയാതെ പ്രേക്ഷകരുടെ കണ്ണുകളും നിറയും.

കണ്ണൂര്‍ സ്‌ക്വാഡിനൊപ്പം അഞ്ചാമനായി ടാറ്റാ സുമോയുമുണ്ടായിരുന്നു. സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പമോ ചിലപ്പോള്‍ അവര്‍ക്കും മേലെയോ ഈ വണ്ടി പ്രേക്ഷക മനസില്‍ ഇടംപിടിച്ചിട്ടുണ്ടാവും.

ജീവനില്ലാത്ത വണ്ടിയെ പോലും പ്രേക്ഷകരിലേക്ക് കുടിയേറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ സ്‌ക്രിപ്റ്റ് റൈറ്റേഴ്സിന്റെ പേര് എടുത്ത് പറയേണ്ടതുണ്ട്. മുഹമ്മദ് ഷാഫിയുടേയും റോണി ഡേവിഡ് രാജിന്റേയും എഴുത്ത് ഓരോ കഥാപാത്രത്തേയും സൂക്ഷ്മമായി നിര്‍മിച്ചിട്ടുണ്ട്.

Content Highlight: Write up on the fifth member tata sumo in kannur squad