| Sunday, 13th November 2022, 5:12 pm

സമ്പന്നര്‍ക്ക് സംവരണം ചെയ്തുകൊണ്ടിരിക്കുന്ന ബി.എഡ് വിദ്യാഭ്യാസ മേഖല; വിശാലമായ ചര്‍ച്ചകള്‍ ഉയരണം

അര്‍ജുന്‍ മോഹനന്‍ എം.എം.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത വിധത്തില്‍ കേരളത്തിലെ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റപ്പെടുകയാണ്. വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലായി നിലവില്‍ ലിമിറ്റഡ് ബി.എഡ് കോളേജുകളെ കേരളത്തിലുള്ളൂ. അതില്‍ ഭൂരിപക്ഷവും സാശ്രയ കോളേജുകളാണ്.

ബി.എഡ് മേഖലയില്‍ നിശ്ചിത എണ്ണം യൂണിവേഴ്‌സിറ്റി സെന്ററുകള്‍ മാത്രമേയുള്ളൂ. ഓരോ വര്‍ഷവും ഡിഗ്രി / പി.ജി കഴിഞ്ഞ് അധ്യാപക വിദ്യാഭ്യാസത്തിനായി അനിയന്ത്രിതമായ ആപ്ലിക്കേഷനുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ സീറ്റുകളുടെ ലഭ്യത ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് തന്നെ വലിയൊരു വിഭാഗം പുറത്താക്കപ്പെടുകയുമാണ്.

മാത്രമല്ല അധ്യാപക വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മേഖലയായി മാറ്റുന്നവിധത്തില്‍, WP (C) No. 23209/2021, W P (C) No. 3432/2021 നമ്പര്‍ റിട്ട് പെറ്റീഷനുകളിന്മേലുളള കേരള ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് 7-2-2022ന് ഒരു ഉത്തരവിറക്കിയിരിക്കുകയാണ്. അത് പ്രകാരം സ്വാശ്രയ കോളേജുകളിലെ 50 ശതമാനം മെറിറ്റ് വിദ്യാര്‍ത്ഥികള്‍ Rs. 45,000/ (നാല്‍പത്തി അയ്യായിരം രൂപ)യും ബാക്കി 50 ശതമാനം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ Rs. 60,000/ (അറുപതിനായിരം രൂപ)യും ഇനിമുതല്‍ ഫീ ഇനത്തില്‍ അടയ്ക്കണം എന്നാണ് നിര്‍ദേശം.

കഴിഞ്ഞ 2021-2023 ബി.എഡ് ബാച്ചുകളിലേക്ക് അഡ്മിഷന്‍ നടന്നത് അതാത് യൂണിവേഴ്‌സിറ്റികള്‍ പ്രസ്തുത സമയത്ത് ഇഷ്യൂ ചെയ്ത പ്രോസ്‌പെക്ടസ് പ്രകാരമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 9-9-2021നും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 24-9-21നും ഇഷ്യൂ ചെയ്ത പ്രോസ്‌പെക്ടസ് പ്രകാരം Self Financing കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും 29,000 രൂപ വാര്‍ഷിക ട്യൂഷന്‍ ഫീ ആയി ഈടാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

2021 സെപ്റ്റംബര്‍ മാസം കേരള യൂണിവേഴ്‌സിറ്റി ഇഷ്യൂ ചെയ്ത പ്രോസ്പെക്ട്‌സിലും 29000 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ ഫീ ഇനത്തില്‍ വരുന്നത്. എം.ജി യൂണിവേഴ്‌സിറ്റിയുടെ പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസും വ്യത്യസ്തമല്ല. പ്രസ്തുത പ്രോസ്പെക്ടസ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളത്.

പക്ഷേ WP (C) No. 23209/2021, W P (C) No. 23432/2021 നമ്പര്‍ റിട്ട് പെറ്റിഷനുകളിന്മേലുളള കേരള ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് 7-2-2022ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 50 ശതമാനം മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് Rs. 45,000/ (നാല്പത്തി അയ്യായിരം രൂപ)യും ബാക്കി 50 ശതമാനം മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ – Rs. 60,000/ (അറുപതിനായിരം രൂപ)യും ഫീ ഇനത്തില്‍ അടയ്ക്കണം എന്നാണ് നിര്‍ദേശം.

യഥാര്‍ത്ഥത്തില്‍ ഇത് പ്രോസ്‌പെക്ടസ് മാനദണ്ഡമാക്കി അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നീതി നിഷേധമാണ്. 2021-2023 ബി.എഡ് ബാച്ചിലേക്ക് അന്ന് നിലവിലുള്ള പ്രോസ്‌പെക്ടസിനെ മുന്‍നിര്‍ത്തികൊണ്ട് വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴ്‌സ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം അനധികൃതമായി പുതുക്കിയ ഫീസ് അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി ഇപ്പോള്‍ തുടര്‍കാഴ്ച ആവുന്നുണ്ട്. കോര്‍ട്ട് ഓഡര്‍ പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ 1-1-2022ല്‍ പുതുക്കിയ ഫീ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാമെന്ന് കൂടി സൂചിപ്പിച്ചിട്ടുണ്ട്.

സ്വാശ്രയ കോളേജുകള്‍ ഭീമമായ തുക മാനേജ്‌മെന്റ് സീറ്റ്കളിലേക്ക് അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഡൊണേഷനായി വാങ്ങുന്ന യാഥാര്‍ഥ്യം നിലനില്‍ക്കേയാണ് അവരുടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 60000ലേക്ക് എത്തിച്ചതെന്നത് കൂടി കാണാന്‍ കഴിയണം. കോര്‍ട്ട് ഓഡര്‍ പൂര്‍ണമായും ബി.എഡ് മേഖല കൊള്ളലാഭ കച്ചവടക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന നിലയിലാണുള്ളത്. വരും കാലങ്ങളില്‍ മറ്റ് മേഖലകളിലെ സ്വാശ്രയ കോളേജുകള്‍ക്കും ഈ നിലയിലുള്ള നിയമപിന്തുണ ലഭിക്കുന്നത് കടുത്ത അസമത്വത്തിലേക്ക് നയിക്കുമെന്ന് കാണാന്‍ കഴിയണം.

സര്‍ക്കാരിനെ പഴിചാരാന്‍ കഴിയില്ല, കോടതി ഉത്തരവിനെ പരമാവധി മാനേജ് ചെയ്യാനുള്ള ശ്രമം അവര്‍ നടത്തിയിട്ടുണ്ട്. വീണ്ടുംവീണ്ടും കോടതിയെ സമീപിച്ചു കൊണ്ടിരുന്ന മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് അനുകൂലമായി ആവര്‍ത്തിച്ചുവന്ന വിധി നടപ്പിലാക്കുകയെന്നതല്ലാതെ അവര്‍ക്ക് മറ്റൊരു വഴിയുണ്ടെന്ന് കരുതുന്നില്ല.

നിലവില്‍ ഈ വിഷയത്തെ അഡ്രസ് ചെയ്ത വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐയാണ്. അവര്‍ കൃത്യമായ സ്റ്റേറ്റ്‌മെന്റിറക്കി ‘വര്‍ധിപ്പിച്ച ഫീ പിന്‍വലിക്കണ’ എന്നാവശ്യപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ 60ഓളം ആവശ്യങ്ങളുയര്‍ത്തി കേരള സര്‍ക്കാരിന് അടുത്ത ദിവസം അവര്‍ സമര്‍പ്പിക്കാനിരിക്കുന്ന അവകാശ പത്രികയിലും വിഷയം കാണിച്ചിട്ടുണ്ട്.

കാലങ്ങളായി യാതൊരു തരത്തിലുള്ള അപ്‌ഡേഷനും ബി.എഡ് കരിക്കുലത്തില്‍ ഉള്‍പ്പെടെ ഉണ്ടാവുന്നില്ല. കാലഘട്ടത്തിന് അനുസൃതമായ യാതൊരു മാറ്റവും അധ്യാപക വിദ്യാര്‍ത്ഥികളുടെ സിലബസുകളിലുണ്ടാകുന്നില്ല. അവര്‍ക്കിപ്പോഴും കാലഹരണപ്പെട്ട പോഗ്രാമുകള്‍ പിന്തുടരേണ്ടി വരികയാണ്. ഈ പ്രശ്‌നങ്ങളെല്ലാം യാതൊരു മാറ്റവുമില്ലാതെ തുടരവെ ഫീസ് വര്‍ധിപ്പിച്ചതില്‍ എന്ത് യുക്തിയാണുള്ളത്! ഇതിന്റെയൊക്കെ മാനദണ്ഡമെന്താണ് ?

ഞാനുള്‍പ്പെടെയുള്ളവര്‍ ബി.എഡ് പോഗ്രാം ചെയ്യുന്നത് പലരാലും ലഭ്യമായിക്കൊണ്ടിരിക്കുന്ന സഹായങ്ങളുടെ ഭാഗമായി കൂടിയാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇതൊന്നുമില്ലാത്ത അനവധി പേരുണ്ട് ചുറ്റും. അവരെന്ത് ചെയ്യും ?

അപകടകരമായ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇനിയും രജനി എസ്. ആനന്ദ്മാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ

Content Highlight: Write up on the B.Ed course Fee structure, reservation and the injustice in it

അര്‍ജുന്‍ മോഹനന്‍ എം.എം.

ബി.എഡ് വിദ്യാര്‍ത്ഥി, കെ.പി.പി.എം കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, ആനക്കയം. എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം

We use cookies to give you the best possible experience. Learn more