കുര്‍ബാന തര്‍ക്കത്തില്‍ വിശ്വാസികള്‍ ഏറ്റുമുട്ടുന്ന വീഡിയോ കണ്ടപ്പോഴാണ് പണ്ട് എന്റെ കല്യാണം പറയാന്‍ ഒരു ഗ്രാമത്തില്‍ പോയി അവിടെത്തെ പള്ളിയില്‍ ജുമുഅക്ക് കൂടിയപ്പോഴുണ്ടായ അനുഭവം ഓര്‍മവന്നത്.
ജുമുഅക്ക് കയറി ചെല്ലുമ്പോള്‍ ആളുകള്‍ എല്ലാം കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. അപ്പോഴൊന്നും ഒരസ്വഭാവികതയും തോന്നിയില്ല. അംഗ ശുദ്ധി വരുത്തി അകത്ത് പ്രവേശിച്ചു. പുറം നാട്ടുകാരനെ കണ്ടിട്ടാവണം വരിയില്‍ ഇരിക്കുന്നവരൊക്കെ മുഖമുയര്ത്തി നോക്കുന്നുണ്ട്. ഞാന്‍ കഷ്ടകാലത്തിന് കുറച്ചുമുന്നില്‍ തന്നെ പോയി ഇരുന്നു.
ഉസ്താദ് തൊട്ടപ്പുറത്തെ റൂമില്‍ നിന്ന് നടന്നുവന്നു മൈക്കിന് മുന്നില്‍ നിന്നതും ‘ഖുതുബ കഴിഞ്ഞിട്ടേ മലയാളത്തില്‍ പ്രസംഗിക്കാന്‍ പാടുള്ളു’ എന്ന് ആക്രോശിച്ചു ഒരു കൂട്ടം ആളുകള്‍ ചാടിവീണു ഉസ്താദിന്റെ കഴുത്തില്‍ പിടിച്ചു.
ഉടന്‍ തന്നെ ‘ഉസ്താദ് പ്രസംഗിക്കണം’ എന്ന് പറഞ്ഞു മറ്റൊരു ഗ്രൂപ്പ് ആളുകളും ചാടി വീണു. ഗോളടിച്ച കളിക്കാരന്റെ മേലേക്ക് ചാടിവീഴുന്ന പോലെ ഈ പഹയന്മാര്‍ എല്ലാം ചാടി നില്‍ക്കുന്നത് ഉസ്താദിന് നേരെ മുന്നില്‍ ഇരുന്നിരുന്ന എന്റെ മുതുകില്‍ ചവിട്ടിയായായിരുന്നു.
അവിടെയുള്ളവര്‍ക്ക് ഈ വിഷയം അറിയുന്നതുകൊണ്ട് അടുത്തിരുന്നവരെല്ലാം ഒരു നിമിഷം വെട്ടി ഒഴിഞ്ഞുമാറിയിരുന്നു. നമ്മള്‍ക്ക് ഇത് അറിയില്ലല്ലോ. ഓരോ നിമിഷം കഴിയുന്തോറും ആളുകള്‍ ആ കൂട്ടത്തിലേക്ക് ചാടി വീണുക്കൊണ്ടിരുന്നു. ചവിട്ട് കിട്ടി ഞാന്‍ നിലത്ത് സ്റ്റിക്കറാകും എന്നൊരു അവസ്ഥ വന്നു..
മുതുകില്‍ മനുഷ്യഗോപുരം കൂടി കൂടി വരുന്നത് കണ്ട് ഒന്ന് മേലോട്ട് നോക്കി. മുതുകത്ത് ചവിട്ടി നില്‍ക്കുന്ന ദ്രോഹി ഒരു ട്രൗസര്‍ പോലും ഇട്ടിട്ടില്ല. അതൊക്കെയാണ് കോണ്ഫിഡന്‍സ്. തുണി അഴിഞ്ഞു പോകും എന്നൊരു ഭയം പോലുമില്ല ആ പഹയന്. ഉസ്താദിന്റെ മേലെയുള്ള പിടി മുറുകി ഉസ്താദും എല്ലാവരും കൂടി മേല്‍ക്കൂര താഴെ വീഴുന്നത് പോലെ എന്റെ ദേഹത്തേക്ക് വീണു.
ആളുകള്‍ക്കിടയിലൂടെ കയ്യിട്ട ചിലര്‍ ഉസ്താദ് ഞാന്‍ ആണെന്ന് വിചാരിച്ചു എന്റെ കഴുത്തിലും പിടി മുറുക്കി.
പടച്ചോന്റെ പള്ളിയില്‍ വന്നു ഇങ്ങനെ ഒരവസ്ഥയിലെത്തി ഇനി എവിടെ പോയി പടച്ചോനോട് എന്നെ രക്ഷപ്പെടുത്താന്‍ പറയും എന്ന കനത്ത ആശങ്കക്കൊടുവില്‍ ആ അദാബില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ അവിടെ കിടന്നു കൊണ്ട് തന്നെ ഒരു യാസീന്‍ നേര്ച്ചത്താക്കി. നേര്‍ച്ച ഫലിച്ചു..
അപ്പത്തന്നെ ആരോ എന്റെ കാലേല്‍ പിടുത്തമിട്ടു ആ ബഹളത്തിന്നിടയില്‍ നിന്ന് വിറകിന്‍ പൂള്‍ വലിച്ചിടുന്ന പോലെ വലിച്ചുപുറത്തിട്ടു എന്നെ മുതുകില്‍ പിടിച്ചു എഴുനേല്‍പിച്ചു കൈ മടക്കി ഇടിക്കാന്‍ വന്നിട്ട് പെട്ടെന്ന് നിര്‍ത്തി ചോദിച്ച്
‘നീയേതാടാ..പുറത്തൂന്ന് തല്ലാന്‍ വന്ന ഗുണ്ടയാണോ?’
”അല്ല സത്യായിട്ടും ഞാന്‍ ഗുണ്ടയല്ല.. കല്യാണം പറയാന്‍ വന്നതാ….’
‘ഈ ബഹളത്തിന്റെ ഇടയ്‌ക്കോ’ ‘ബഹളം ഉണ്ടാകുംന്ന് നിരീച്ചില്ല്യാ….’
”ഉം പൊയ്‌ക്കോ..”
അയാള്‍ പിടി വിട്ടതും പുറത്തേക്ക് ഓടാന്‍ നോക്കിയപ്പോള്‍ എല്ലാ ഡോറിലും ഓടുന്നവരെ അടിക്കാനായി ആള് നില്‍ക്കുന്നു. പള്ളിക്കുള്ളില്‍ ഓരോ ഗ്രൂപ്പുകളായി ആളുകള്‍ അടിച്ചു ഉരുണ്ടുമറിയുകയാണ്.. എന്നെ കണ്ടു ‘അവനേതെടാ’ എന്നൊക്കെ ചോദ്യം ഉയരാന്‍ തുടങ്ങി.
താല്‍ക്കാലിക രക്ഷയക്കായി ഞാന്‍ മുട്ട് കുത്തി ഒരു റൂമില്‍ പോയി ഒളിച്ചു..അത് ഉസ്താദിന്റെ റൂമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഷര്‍ട്ടും മുണ്ടും ഒക്കെ കീറിയ ഒരു മടങ്ങിയ രൂപം ആ മുറിയിലേക്ക് വന്നു…
ഉസ്താദ്..! ഉസ്താദ് എന്നെ കണ്ടു ഒന്ന് പേടിച്ചു പറഞ്ഞു: ”ഇനി എന്നെ തല്ലരുത്..”
ഞാന്‍ പറഞ്ഞു ”ഉസ്താദേ ഞാന്‍ കല്യാണം പറയാന്‍ വന്നതാ തല്ലാന്‍ വേണ്ടിയല്ല..”
ഉസ്താദ്: ‘എനിക്കിനി ഒരു കല്യാണം കൂടാനുള്ള ശേഷിയില്ല’
‘ഉസ്താദിനോടല്ല ഈ നാട്ടിലെ ഒരു ബന്ധുവിനോടാണ്’
‘ഹാവൂ…സമാധാനമായി..’
‘പുറത്തിറങ്ങിയാല്‍ അടി കിട്ടോ..?’ ഞാന്‍ ചോദിച്ചു
ഉസ്താദ് പറഞ്ഞു: ‘നോ ഐഡിയ…..ഇറങ്ങി നോക്കൂ അപ്പളെ പറയാന്‍ പറ്റൂ..”
”ഇവിടുന്നു എങ്ങനെ രക്ഷപ്പെടും ഉസ്താദേ?”
”ഇങ്ങള് ഇന്റെ കൂടെ ഇറങ്ങിക്കൊളിന്‍, പടച്ചോന്‍ ഒരു വഴി കാണിച്ചു തരും…!’ ഉസ്താദ് കീറിയ ജുബ്ബ മാറ്റി പുറത്തിറങ്ങി..
പള്ളിക്കുള്ളില്‍വെച്ച് പ്രശ്‌നങ്ങള്‍ സംസാരിച്ചു അടിച്ചുതീര്‍ക്കേണ്ട, പള്ളിയെ അല്‍പം ബഹുമാനിച്ചു കളയാം എന്ന് കരുതി. അതുവരെ പള്ളിയില്‍ കിടന്ന് കൊണ്ടും കൊടുത്തും അടികൂടിയ എല്ലാവരും പള്ളിയുടെ മുറ്റത്ത് ഇറങ്ങി നില്‍ക്കുന്നു.. ഉസ്താദ് ആണ് എല്ലാറ്റിനും കാരണം എന്നൊക്കെ ആക്രോശങ്ങള്‍ വരുന്നുണ്ട്…
ഉസ്താദിന്റെ പിന്നില്‍ പമ്മി ഞാനും പുറത്ത് കടന്നു.
കൂട്ടം കൂടി നില്‍ക്കുന്നവരോട് ഉസ്താദ് പറഞ്ഞു:
‘ഖുതുബക്ക് മുമ്പ് മലയാളം പ്രസംഗം വേണ്ടവര്‍ വലത് വശത്തും വേണ്ടാത്തവര്‍ ഇടതു വശവും നില്‍ക്കുക’ ആളുകള്‍ രണ്ടു ചേരിയായി.
‘നിങ്ങളുടെ നടുവില്‍ ഒരു രണ്ട് മീറ്റര്‍ എങ്കിലും അകലം വേണം. തമ്മില്‍ തല്ലരുത്..” ഉസ്താദിന്റെ ശബ്ദം കനത്തു.
ആളുകള്‍ പള്ളിയുടെ ഗേറ്റ് വരെ രണ്ട് ഭാഗമായി അകന്ന് നിന്നു… നടുവില്‍ ഒരു ഇടനാഴി പോലെ നീണ്ട വഴി പ്രത്യക്ഷപ്പെട്ടപ്പോള്‍, മൂസാ നബി കടലില്‍ വടി കൊണ്ട് അടിച്ചപ്പോഴുണ്ടായ ഒരു വഴി പോലെയാണ് എനിക്കതുകണ്ടു തോന്നിയത്..രക്ഷപ്പെടാനുള്ള അവസാന വഴി…
ഉസ്താദ് ആ വഴിയിലൂടെ ഒന്ന് നടന്നു. ഞാന്‍ എങ്ങിനെയെങ്കിലും ആ ഉസ്താദിനെ മറി കടന്നു ഗേറ്റ് കടന്നു ഓടി രക്ഷപ്പെടാലോ എന്ന് വിചാരിച്ച് ഒപ്പവും.. ഗേറ്റിനടുത്തെത്തിയതും ഉസ്താദ് ”പടച്ചോനെ ഇങ്ങള് കാത്തോളീ”ന്നും പറഞ്ഞു ഒരറ്റ ഓട്ടമായിരുന്നു..
ഒരു നിമിഷം അന്ധാളിച്ചു പോയ ഞാന് സെക്കന്‍ഡിന്റെ നൂറിലൊരംശം കൊണ്ട് ആ സാഹചര്യം തിരിച്ചറിയുകയും ഉസ്താദ് പോയ, പടച്ചോന്‍ കാട്ടി തന്ന ആ വഴിയിലൂടെ കുതിച്ചു പാഞ്ഞു..
പിന്നില്‍ ഒരാരവും ഉയര്‍ന്നു കേള്‍ക്കാം ”പിടിക്കെടാ അവനെ…”
ഓടി ചെന്ന് കയറിയത് ഒരു പാടത്തേക്കായിരുന്നു…. ഞാന്‍ ഉസ്താദിന്റെ ശുഭ്രവസ്ത്രത്തിന്റെ നുറുങ്ങുവെട്ടം എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് ആ അണ്ഡകടാഹം മുഴുവന്‍ ഒന്ന് സ്‌കാന്‍ ചെയ്ത് നോക്കി.. പൊടി പോലും ഇല്ലായിരുന്നു കണ്ടു പിടിക്കാന്‍.
അവിടെ നിന്നാല്‍ പിടിവീണു അടി വീഴും എന്നുള്ളത് കൊണ്ട് ആ ദേശത്തെ വഴി അറിയില്ലെങ്കിലും ആ പാടങ്ങളിലൂടെ പുതിയ പാഠങ്ങള്‍ ഓടി പഠിച്ചു ഞാന്‍ പുതിയ ജീവിതത്തിലേക്ക് ഓടിക്കയറുകയാണ് ഉണ്ടായത്..
പിറ്റേ ദിവസമായിരുന്നു അവിടെ പാര്‍ക്ക് ചെയ്ത ബൈക്ക് എടുത്തുകൊണ്ട് വരാന്‍ തന്നെ കഴിഞ്ഞത്..
ഇന്നത്തെ കുര്‍ബാന തല്ല് കണ്ടപ്പോള്‍ ഇബ്‌റാഹിം നബിയുടെ പരമ്പരയില്‍പ്പെട്ട ഈ രണ്ടു മതങ്ങളും തമ്മിലുള്ള തര്‍ക്ക വ്യത്യാസങ്ങള്‍ വളരെ നേര്‍ത്തതാണെന്ന് തോന്നുന്നുണ്ട്.
ഒന്ന് അടി അല്‍പം കൂടുതലാണെങ്കില്‍ മറ്റൊന്ന് തെറി അല്‍പം കൂടുതലാണ്.. രണ്ടിലെയും വിശ്വാസികളെ ദൈവം തമ്പുരാന്‍ കാത്ത് രക്ഷിക്കട്ടെ…
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി! ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം…
എല്ലാവര്ക്കും അല്‍ ക്രിസ്ത്മസ് ആശംസകള്‍!
Content Highlight: Write up on subject The two religions of the family of Prophet Ibrahim, and the controversial difference of the group of bones