| Thursday, 31st August 2023, 5:15 pm

കോളനികള്‍ ക്രിമിനല്‍ അധോലോകങ്ങളോ? ആര്‍.ഡി.എക്‌സിലെ അപരവത്കരണം

അമൃത ടി. സുരേഷ്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് ഓണം സീസണില്‍ തിയേറ്ററുകള്‍ നിറച്ച് മുന്നേറുകയാണ്. 2018ന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം നേടുന്ന ചിത്രം കൂടിയാണ് ആര്‍.ഡി.എക്‌സ്. ഫൈറ്റിലും കഥയിലും ഇമോഷന്‍സിലുമെല്ലാം പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞ് ഒരുക്കാനായി എന്നതാണ് ആര്‍.ഡി.എക്‌സിന്റെ വിജയമായി വിലയിരുത്തപ്പെടുന്നത്.

ഭൂരിപക്ഷ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനായ ആര്‍.ഡി.എക്‌സില്‍ എല്ലാം പോസിറ്റീവായി നില്‍ക്കുമ്പോഴും ഒരു ഭാഗം മാത്രം കല്ലുകടിയുണ്ടാക്കി. അത് കോളനികളെ ചിത്രീകരിച്ച രീതിയാണ്.

വളരെ ശക്തന്മാരും ക്രൂരന്മാരും നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ ശൃംഖലകള്‍ തന്നെയുമുള്ള ക്രിമിനല്‍ സംഘമാണ് വില്ലന്മാര്‍. നായകന്മാരോടൊപ്പം തന്നെ പ്രേക്ഷകര്‍ക്കും വില്ലന്മാര്‍ നാല് അടി കൊള്ളണം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ടുതന്നെയാണ്. വില്ലന്മാരെ ഇങ്ങനെയാക്കുന്നത് ഒരു പ്രശ്‌നമല്ല, എന്നാല്‍ അവരെല്ലാവരും കോളനികളില്‍ നിന്നുള്ളവരാവുമ്പോഴും ആ കോളനി തന്നെ ഒരു അധോലോകമായി മാറുമ്പോഴുമാണ് അത് പ്രശ്‌നമാവുന്നത്.

പെട്ടിക്കട നടത്തുന്നവരും വൃദ്ധന്മാരും പോലും കൊല്ലാന്‍ ആയുധം എറിഞ്ഞുകൊടുക്കുന്നവരും തല അടിച്ചുപൊട്ടിക്കുന്നവരുമായ ഭീകര ലോകമായാണ് ആര്‍.ഡി.എക്‌സില്‍ മഹാരാജാസ് എന്ന് പേരിട്ട് ഒരു കോളനിയെ ചിത്രീകരിച്ചിരിക്കുന്നത്. തിന്മ കാണിക്കുമ്പോള്‍ അതൊരു സമൂഹത്തിനെ അപരവത്കരിക്കുന്നതിലേക്ക് പോകരുത്.

പണവും സമ്പത്തും സ്വാധീനവും ഉള്ള, അടിപിടിയുണ്ടാക്കുന്ന നായകന്മാര്‍ ഹീറോയിക്കാവുന്നതും കോളനികളില്‍ നിന്നുള്ള വില്ലന്മാര്‍ ക്രൂരതയുടെ പര്യായമാകുന്നതും ഈ അപരവത്ക്കരണത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണ്.

ജാതിവൈവിധ്യം വിളയാടുന്ന ഇടമല്ല കോളനികള്‍. ഭൂരഹിതരായ ദളിതരാണ് എല്ലാ കോളനികളിലേയും 99 ശതമാനം മനുഷ്യരും, സമ്പത്തിന്റെയോ അധികാര ബന്ധങ്ങളുടെയോ ഒരു പ്രിവിലേജുമില്ലാത്തവര്‍.

കോളനികളെ പറ്റി പല സ്റ്റീരിയോടൈപ്പുകള്‍ മുമ്പും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ബിലാലിലെ അന്ധകാരം കോളനിയെ ചിത്രീകരിക്കുന്നതാണെങ്കിലും അക്ബര്‍ ആന്തണിയിലെ സെബാട്ടിയുടെ കോളനിയിലെ പിള്ളേരെല്ലാം വെടക്കുകളാവുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.

ഇന്ന് സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകളില്‍ നിറയുന്ന കോളനി, കണ്ണാപ്പി വിളികളില്‍ സിനിമ ഉണ്ടാക്കിയെടുത്ത സ്റ്റീരിയോടൈപ്പുകള്‍ക്കുള്ള സ്വാധീനം ചെറുതല്ല. അതിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുന്നതാവരുതായിരുന്നു ആര്‍.ഡി.എക്‌സ്.

Content Highlight: Write up on portrayal of Colony in RDX

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more