മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തിരക്കഥ കാലത്തിനനുസരിച്ച മാറ്റങ്ങളോടെയാണ് ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ മോണ്‍സ്റ്റററിലെ എല്‍.ജി.ബി.ടി.ക്യു കണ്ടന്റ് ചര്‍ച്ചയിലേക്ക് ഉയര്‍ന്നിരുന്നു. എല്‍.ജി.ബി.ടി.ക്യു കണ്ടന്റിന്റെ പേരില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് വിലക്ക് ലഭിച്ചിരുന്നു.
ചിത്രത്തിലേക്ക് വന്നാല്‍ തിരക്കഥയെ ഏറ്റവും ശക്തമാക്കുന്ന ഘടകം ഈ എല്‍.ജി.ബി.ടി.ക്യു കണ്ടന്റ് തന്നെയാണ്. പര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിരവധി സിനിമകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. അത് മെയ്ന്‍ സ്ട്രീം കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമാകുന്നത് ഈ വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന്റെ സൂചനയാണ്.
അതേസമയം നിയമത്തിന്റെ പരിരക്ഷ ഉണ്ടായിട്ടും ഇവര്‍ സമൂഹത്തിലെ ചില തുറകളില്‍ നിന്നും നേരിടുന്ന ക്രൂരതകളും അനീതിയും ചിത്രം എടുത്തുകാണിക്കുന്നുണ്ട്. അതിന്റെ ഭാഗമായി 2011ല്‍ ഹോമോസെക്ഷ്വാലിറ്റിയെ ഇന്ത്യയില്‍ നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി ചിത്രത്തില്‍ പറയുന്നുണ്ട്. ഈ നിയമം വന്നിട്ടുകൂടി സമൂഹം മാറാത്തത് കൊണ്ട് പരസ്പരം സ്‌നേഹിക്കുന്ന കമ്മ്യൂണിറ്റിയിലുള്ള ആളുകള്‍ക്ക് ഒന്നിച്ച് ജീവിക്കാനാവാത്ത സാഹചര്യം മോണ്‍സ്റ്റര്‍ പറഞ്ഞുപോകുന്നുണ്ട്.
ചര്‍ച്ചയിലേക്കുയര്‍ന്ന എല്‍.ജി.ബി.ടി.ക്യു രംഗങ്ങള്‍ എത്തിയപ്പോള്‍ കഥ കൂടുതല്‍ സ്‌ട്രോങ് ആവുകയും പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കുകയും ചെയ്യുന്നുണ്ട്. തിരക്കഥയുടെ നട്ടെല്ല് എന്ന വിശേഷിപ്പിക്കാവുന്നതാണ് എല്‍.ജി.ബി.ടി.ക്യു രംഗങ്ങള്‍.
എന്നാല്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും ചിത്രം ഈ വിഭാഗത്തെ വില്ലനൈസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന ആക്ഷേപവും ഇതിനോടകം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
Content Highlight: write up on lgbtq+ content in monster movie