Spoiler Alert
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കൂമന്‍ വേറിട്ട ആക്ഷന്‍ ത്രില്ലറാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. കള്ളന്‍ മണിയന്‍ എന്ന കഥാപാത്രത്തിലൂടെ ജാഫര്‍ ഇടുക്കിയും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് കള്ളന്‍ മണിയന്‍. കേന്ദ്രകഥാപാത്രമായ സി.പി.ഒ ഗിരി ശങ്കറും കള്ളന്‍ മണിയനും കണ്ടുമുട്ടുന്നതോടെ കഥയുടെ ഗതി മാറുകയാണ്.
മണിയനിലൂടെ മോഷണത്തിന്റെ പല മാനങ്ങളാണ് ഗിരി കാണുന്നത്. കള്ളന്‍ മണിയന്‍ പൊലീസുകാരനായ ഗിരിയോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘കള്ളിനും പെണ്ണിനും തരാന്‍ പറ്റാത്ത ലഹരിയാണ് മോഷണം തരുന്നത്. ഒരിക്കല്‍ അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പിടി വീഴണം അത് പോകണമെങ്കില്‍, ചിലര്‍ക്ക് അതുകൊണ്ടും പോകില്ല’. മോഷണത്തിലെ ഈയൊരു ലഹരിയുടെ എലമെന്റ് തന്റെ ഡയലോഗ് ഡെലിവറിയിലൂടെയും എക്‌സ്പ്രഷനിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജാഫര്‍ ഇടുക്കിക്കായിട്ടുണ്ട്.
മോഷണത്തില്‍ മണിയന് അയാളുടേതായ ചില ടിപ്പ്‌സ് ഒക്കെയുണ്ട്. നിധി കാക്കുന്ന ഭൂതത്തെ പോലെ പണമെല്ലാം സൂക്ഷിച്ച് വെച്ച് കിടന്നുറങ്ങുന്ന മനുഷ്യനെ കാണാന്‍ തന്നെ ഒരു രസമാണെന്നാണ് മണിയന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതില്‍ അയാള്‍ക്ക് ഒരു ത്രില്ലില്ല.
മോഷ്ടാവാണെങ്കിലും ഒപ്പമുള്ളയാളെ ഒറ്റുകൊടുക്കില്ലെന്ന ‘എത്തിക്ക്‌സും’ മണിയനുണ്ട്. അതുവരെ വെറും കള്ളനായി കണ്ട മണിയനോട് പ്രേക്ഷകനും സഹാനുഭൂതി തോന്നുന്ന രംഗമാണിത്.
കള്ളന്‍ മണിയനായി ജാഫര്‍ ഇടുക്കി തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിരിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന മിക്ക മലയാള ചിത്രങ്ങളിലും ജാഫര്‍ ഇടുക്കി പ്രധാനകഥാപാത്രമായി എത്തിയിട്ടുണ്ട്. എന്നാല്‍ ആവര്‍ത്തന വിരസതയില്ലാതെ ഓരോ കഥാപാത്രത്തേയും വ്യത്യസ്തമായി ആ ഡെപ്‌ത്തോടെയാണ് അദ്ദേഹം ചെയ്തുവെക്കുന്നത്.